എറണാകുളം : കൊച്ചി കടവന്ത്രയിലെ വനിത ഹോസ്‌റ്റലില്‍ അലക്കിയിടുന്ന അടിവസ്‌ത്രങ്ങള്‍ മോഷണം പോകുന്നത് പതിവാകുന്നു. ഇത് നാലാം തവണയാണ് സംഭവം ആവര്‍ത്തിക്കപ്പെടുന്നത്. മോഷണം പതിവായതോടെ കടുത്ത ബുദ്ധിമുട്ടിലായിരിക്കുകയാണ് ഹോസ്റ്റലിലെ അന്തേവാസികള്‍.
രാത്രിയില്‍ വസ്ത്രം ഉണക്കാനിട്ടാല്‍ നേരം പുലരുമ്പോള്‍ കാണാനുണ്ടാകില്ല. ആദ്യം അടിവസ്‌ത്രങ്ങള്‍ മാത്രം എടുത്തിരുന്ന മോഷ്‌ടാവിപ്പോള്‍ കൈയില്‍ കിട്ടുന്ന വസ്‌ത്രങ്ങളെല്ലാം എടുത്തുകൊണ്ടുപോകുന്നു. സംഭവം പതിവായതോടെ അധികൃതര്‍ ഹോസ്‌റ്റലിന് പിന്‍വശത്തും ക്യാമറ സ്ഥാപിച്ചു. എന്നാല്‍ മോഷ്ടാവിനെ പിടികൂടാനായിട്ടില്ല.
കള്ളന്‍ അടിവസ്‌ത്രങ്ങള്‍ മാത്രം തെരഞ്ഞെടുത്ത് കൊണ്ടുപോകുന്നതിന്‍റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ബൈക്കില്‍ ഹെല്‍മെറ്റും മാസ്‌കും ധരിച്ചെത്തുന്ന ഇയാള്‍ ഹോസ്റ്റല്‍ മതില്‍ ചാടിക്കടന്നാണ് അകത്തെത്തുന്നത്. ഇയാളെ ഇനിയും തിരിച്ചറിയാനായിട്ടില്ല.
മോഷണത്തില്‍ പൊറുതിമുട്ടിയ ഹോസ്‌റ്റല്‍ ഉടമ കടവന്ത്ര പൊലീസില്‍ പരാതി നല്‍കി. ബൈക്കിന്‍റെ നമ്പര്‍ കണ്ടെത്തി പ്രതിയെ പിടികൂടണമെന്ന് ഹോസ്റ്റല്‍ അന്തേവാസികള്‍ ആവശ്യപ്പെടുന്നു. വിഷയത്തില്‍ പൊലീസ് കാര്യമായ ഇടപെടല്‍ നടത്തുന്നില്ലെന്ന പരാതിയും ഇവര്‍ക്കുണ്ട്.
കള്ളനെ ഭയന്ന് ഇപ്പോൾ അലക്കുന്ന തുണികൾ രാത്രി ബക്കറ്റിൽ സൂക്ഷിച്ച് രാവിലെ ഉണക്കാനിടുകയാണ് അന്തേവാസികൾ ചെയ്യുന്നത്. അതല്ലാതെ രക്ഷയില്ല. പലപ്പോഴും മഴയുള്ളതിനാൽ പകൽ സമയം മാത്രം ഉണക്കാനിടേണ്ടി വരുന്നത് പ്രയാസം സൃഷ്‌ടിക്കുകയാണ്. ഹോസ്റ്റലിന് ചുറ്റിലെയും സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പടെ ശേഖരിച്ചാൽ വേഗത്തില്‍ മോഷ്‌ടാവിനെ പിടികൂടാനാകുമെന്ന് ഉടമയും പറയുന്നു.