എറണാകുളം : തിരുവനന്തപുരത്തെ യുവ ഡോക്‌ടർ ഷഹനയുടെ മരണവുമായി ബന്ധപ്പെട്ടെടുത്ത കേസിൽ പ്രതിയായ ഡോക്‌ടർ റുവൈസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കസ്റ്റഡിയിൽ തുടരേണ്ടതില്ലെന്ന് വിലയിരുത്തിയ കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു (Dr Ruwise granted bail by Kerala High court). റുവൈസിൻ്റെ തുടർപഠനം കൂടി കോടതി പരിഗണിച്ചു.
അതേസമയം റുവൈസിനെതിരായ ആരോപണങ്ങൾ ഗുരുതരമാണെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ. സസ്പെന്‍ഷൻ ഉത്തരവ് പിൻവലിക്കുന്ന കാര്യത്തിൽ ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ച് അച്ചടക്ക സമിതിക്ക് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. ജാമ്യം നൽകിയ ഉത്തരവ് തീരുമാനത്തെ സ്വാധീനിക്കരുതെന്നും കോടതി പറഞ്ഞിട്ടുണ്ട്.
ആത്മഹത്യക്ക് കാരണം താനല്ലെന്നും തുടർ പഠനത്തിന് അവസരം നൽകണമെന്നും റുവൈസ് വാദമുന്നയിച്ചിരുന്നു. ഡോ. ഷഹനയുടെ സാമ്പത്തികാവസ്ഥയെ കുറിച്ച് റുവൈസിനറിയാമായിരുന്നു. ഷഹനയുടെ വീട്ടിൽ റുവൈസിൻ്റെ കുടുംബം എത്തിയപ്പോൾ സാമ്പത്തിക കാര്യങ്ങളില്‍ ചർച്ച നടന്നതിന് സാക്ഷികളുണ്ടെന്ന് ആത്മഹത്യ കുറിപ്പ് അടക്കം പരിശോധിച്ചുകൊണ്ട് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.
റുവൈസിന് ജാമ്യം അനുവദിക്കരുതെന്നും അന്വേഷണം ഇനിയും മുന്നോട്ടുപോകേണ്ടതുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷൻ നിലപാട്. നേരത്തെ റുവൈസിൻ്റെ പിതാവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. റുവൈസിനെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയിരുന്നു. സ്ത്രീധന നിരോധന നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സര്‍ജറി വിഭാഗത്തില്‍ പിജി ചെയ്‌തിരുന്ന വെഞ്ഞാറമ്മൂട് സ്വദേശിനി ഡോ ഷഹന ഡിസംബർ നാലിനാണ് ആത്മഹത്യ ചെയ്യുന്നത്. മെഡിക്കല്‍ കോളജിന് സമീപത്തെ ഫ്ലാറ്റില്‍ താമസിച്ചിരുന്ന ഷഹന സമയമായിട്ടും ആശുപത്രിയില്‍ എത്തിയിരുന്നില്ല. ഇതേതുടര്‍ന്ന് അഞ്ചിന് രാവിലെ താമസ സ്ഥലത്ത് എത്തി പരിശോധന നടത്തിയപ്പോഴാണ് ഷഹനയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. നേരത്തെ ഷഹനയും റുവൈസും തമ്മിൽ അടുപ്പത്തിലായിരുന്നു. വിവാഹത്തിന് ഇരുവരുടെയും വീട്ടുകാരും സമ്മതം അറിയിച്ചിരുന്നു. എന്നാൽ റുവൈസിന്‍റെ കുടുംബം വൻതുക സ്ത്രീധനമായി ആവശ്യപ്പെട്ടു. ഷഹനയുടെ വീട്ടുകാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായ സ്ത്രീധനം ആവശ്യപ്പെട്ടതോടെ വിവാഹം മുടങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഷഹന ആത്മഹത്യ ചെയ്യുന്നത്.
എന്നാല്‍ ഷഹനയുടെ സാമ്പത്തികാവസ്ഥയെ കുറിച്ച് റുവൈസിന് അറിയാമായിരുന്നു എന്ന് ഹൈക്കോടതി (HC against Dr Ruwais in Dr Shahana death) നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. ഷഹനയുടെ വീട്ടിൽ റുവൈസിൻ്റെ കുടുംബം എത്തിയപ്പോൾ സാമ്പത്തിക കാര്യങ്ങളില്‍ ചർച്ച നടന്നതിന് സാക്ഷികളുണ്ടെന്ന് ആത്മഹത്യ കുറിപ്പ് അടക്കം പരിശോധിച്ചുകൊണ്ടായിരുന്നു ഹൈക്കോടതി നിരീക്ഷിച്ചത്.
ALSO READ: മൃതദേഹം ഭര്‍തൃവീട്ടിലെ കിണറ്റില്‍, ആരോപണവുമായി ഷഫ്‌നയുടെ ബന്ധുക്കൾ
മരണപ്പെട്ട ദിവസം രാവിലെ ഷഹന റുവൈസിന് വാട്‌സ്ആപ്പിലൂടെ മെസേജ് അയച്ചിരുന്നു. പക്ഷേ അതുകിട്ടിയപ്പോള്‍ തന്നെ റുവൈസ് ഷഹനയെ ബ്ലോക്ക് ചെയ്‌തു എന്നാണ് പൊലീസ് പറഞ്ഞത്. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് റുവൈസ്. കേസുമായി ബന്ധപ്പെട്ട് ഡിസംബര്‍ ആറിന് പുലർച്ചെ കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ നിന്നാണ് റുവൈസിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തത്.