എറണാകുളം: പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരള സർക്കാരിന്റെ നീക്കങ്ങളെ അഭിനന്ദിച്ച് ഡിഎംകെ നേതാവും എംപിയുമായ കനിമൊഴി. മുഖ്യമന്ത്രി പിണറായി വിജയൻ പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്വീകരിച്ച നടപടി ശ്രദ്ധേയമാണെന്ന് കനിമൊഴി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊച്ചിയിൽ മുസ്‌ലിം എജ്യൂക്കേഷന്‍ സൊസൈറ്റി സംഘടിപ്പിച്ച വനിത സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മുസ്‌ലിങ്ങള്‍ മാത്രമല്ല ഇന്ത്യ മതേതര രാഷ്ട്രമാണെന്ന് പറയുന്ന എല്ലാവരും ആർഎസ്എസിന്‍റെ ശത്രുക്കളാണെന്നും ഇന്ത്യയിൽ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്നാണ് ആർഎസ്എസ് നേതാക്കൾ പറയുന്നതെന്നും കനിമൊഴി പറഞ്ഞു.
ഇന്ത്യയെ ഹിന്ദു-ഹിന്ദി രാജ്യമാക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത്. ബിജെപി സർക്കാർ എല്ലാ മേഖലകളിലും ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇന്ത്യയുടെ പ്രത്യേകതയായ വൈവിധ്യങ്ങളുടെ സമന്വയം തകർക്കാൻ അനുവദിക്കരുത്. പൗരത്വ രജിസ്റ്റർ ഏറ്റവുമധികം ബാധിക്കുക സ്ത്രീകളെ ആയിരിക്കുമെന്നും ദ്രാവിഡ പാർട്ടി എന്ന് അവകാശപ്പെടുന്ന എഐഎഡിഎംകെ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചത് ഏറെ വേദനിപ്പിച്ചെന്നും അവർ അഭിപ്രായപ്പെട്ടു. അവർ ഭേദഗതിയെ പിന്തുണച്ചില്ലായിരുന്നുവെങ്കിൽ ഇത് നിയമം ആകില്ലായിരുന്നുവെന്നും തമിഴ്‌നാട് ഭരിക്കുന്നത് എഐഎഡിഎംകെ അല്ല ബിജെപിയാണെന്നും കനിമൊഴി പറഞ്ഞു. ബിജെപിയുടെ നിഴലായി തമിഴ്‌നാട് സർക്കാർ പ്രവർത്തിക്കുന്നുവെന്നും തമിഴ് മഹാകവി തിരുവള്ളുവരെ പോലും ഹിന്ദുത്വവത്കരിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നും കനിമൊഴി കുറ്റപ്പെടുത്തി. ചടങ്ങിൽ എംഇഎസ് പ്രസിഡന്‍റ് ഫസൽ ഗഫൂർ അധ്യക്ഷനായി.