എറണാകുളം : വരാപ്പുഴയിലെ തമിഴ്‌നാട് സ്വദേശിയുടെയും കുടുംബത്തിൻ്റെയും തിരോധാനത്തിന് മുനമ്പം മനുഷ്യക്കടത്തുമായി ബന്ധമെന്ന് സൂചന. തിരുവള്ളൂർ സ്വദേശി ചന്ദ്രനും ഭാര്യ കണ്ണകിയും മൂന്ന് മക്കളുമടങ്ങുന്ന അഞ്ചംഗ കുടുംബം കൊച്ചിയിൽ നിന്നും ബോട്ടിൽ പോയെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. ചന്ദ്രൻ്റെ സഹോദരിയിൽ നിന്നുമാണ് ഇതുമായി ബന്ധപ്പെട്ട വിവരം ലഭിച്ചതെന്നാണ് സൂചന.
വസ്‌ത്ര വ്യാപാരിയായ ചന്ദ്രനെയും കുടുംബത്തെയും നാല് വർഷം മുൻപാണ് കാണാതായത്. തമിഴ്‌നാട് സ്വദേശിയായ ചന്ദ്രൻ കേരളത്തിൽ സ്ഥിരതാമസമാക്കാനുള്ള ഇഷ്‌ടത്തോടെയാണ് വരാപ്പുഴയിൽ ഏഴ് സെന്‍റ് ഭൂമി വാങ്ങി വീട് നിർമാണം തുടങ്ങിയത്. 2500 ചതുരശ്ര അടിയിലേറെ വലുപ്പമുള്ള വീടിന്‍റെ 80 ശതമാനം പണി പൂർത്തിയായിരുന്നു.
നാല് വർഷം മുമ്പ് പണി പൂർത്തിയാകാത്ത വീട്ടിൽ തന്‍റെ ഇന്നോവ കാറും പാർക്ക് ചെയ്‌ത ശേഷം നാട്ടിലേക്കെന്ന് പറഞ്ഞാണ് ചന്ദ്രൻ പോയത്. എന്നാൽ ഇതിനു ശേഷം ചന്ദ്രനെയും കുടുംബത്തെയും കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. വീടും കാറും കാട് മൂടി നശിക്കുകയും ഇവിടെ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാവുകയും ചെയ്‌തതോടെയാണ് നാട്ടുകാർ പൊലീസിൽ പരാതി നൽകിയത്.
വീടുപണി നടത്തിയ കോൺട്രാക്‌ടർ തമിഴ്‌നാട്ടിൽ പോയി അന്വേഷിച്ചിട്ടും ഒരു വിവരവും ലഭിച്ചിരുന്നില്ല. ഇതോടെയാണ് ചന്ദ്രന്‍റെ തിരോധാനത്തിനുപിന്നിലെ ദുരൂഹതയകറ്റണമെന്ന ആവശ്യം നാട്ടുകാർ ശക്തമാക്കിയത്. ഈ അന്വേഷണത്തിന് ഇടയിലാണ് 2019ലെ മുനമ്പം മനുഷ്യകടത്തുമായി ബന്ധമുണ്ടെന്ന സൂചനകൾ പൊലീസിന് ലഭിച്ചത്.