എറണാകുളം: തന്‍റെ ഇന്‍റര്‍വ്യൂ കണ്ടിട്ട് ആരും സിനിമയ്ക്ക് വരരുതെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ (Dyan Sreenivasan). ഒരു സിനിമ കാണൽ ഭാഗ്യ പരീക്ഷണം ആയി കാണാൻ താല്‍പര്യമില്ലാത്തവർ റിലീസിന് ശേഷം റിവ്യൂ കേട്ട് സിനിമ വിജയിക്കുമോ, കഥ മൂല്യം ഉണ്ടോ എന്നൊക്കെ മനസിലാക്കി തിയേറ്ററുകളിലേക്ക് എത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 'നദികളിൽ സുന്ദരി യമുന' (Nadikalil sundari yamuna) എന്ന് സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ സംസാരിക്കുകയായിരുന്നു ധ്യാൻ.
ധ്യാനും അജുവും ഉള്ളതുകൊണ്ട് മാത്രമാണ് താൻ ഈ പടം പ്രൊഡ്യൂസ് ചെയ്‌തതെന്ന് വാട്ടർമാൻ മുരളി (Waterman murali) പറഞ്ഞു. പഴയകാല ശ്രീനിവാസൻ ചിത്രങ്ങളെ അനുസ്‌മരിപ്പിക്കുന്ന തരത്തിലുള്ള സിറ്റുവേഷൻ കോമഡികളും പ്രയോഗങ്ങളും നദികളിൽ സുന്ദരി യമുനയിൽ കാണാം. താൻ തിരക്കഥ പൂർണമായും വായിക്കുകയും പ്രിവ്യൂ കാണുകയും ചെയ്‌ത പടം കൂടിയാണ് നദികളിൽ സുന്ദരി യമുനയെന്നും അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് ധൈര്യത്തോടെ ടിക്കറ്റെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
"താനൊരു മുതല്‍ക്കൂട്ട്": 'മലയാള സിനിമയിൽ ഏറ്റവും കൂടുതൽ സിനിമകൾ ചെയ്യുന്ന താരം താനാണെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് താനൊരു മുതൽകൂട്ടാണെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു. ഒരു പാരലൽ ഇൻഡസ്ട്രി പോലെ താൻ മലയാളം സിനിമയുടെ ഭാഗമായി പോയി. ജയിലർ എന്ന മലയാള ചിത്രത്തിലെ ചിത്രീകരണം നടക്കുന്ന സമയത്ത് തന്നെയാണ് നൻ പകൽ നേരത്ത് മയക്കം എന്ന സിനിമയുടെ ചിത്രീകരണവും ഒരേ ലൊക്കേഷനിൽ നടക്കുന്നത്. ആ സമയത്ത് രാത്രി മമ്മൂക്കയെ കാണാൻ ചെന്ന തന്നെ കണ്ടതും നിർമാതാവ് ആന്‍റോ ജോസഫ് മമ്മൂക്കയോട് പരിചയപ്പെടുത്തിയത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റെ മുതൽകൂട്ട് ദാ കടന്നുവന്നിരിക്കുന്നു എന്നാണ്. ഉടൻ തന്നെ മമ്മൂക്ക ചോദിച്ചു ധ്യാൻ എത്തി അല്ലേ". ധ്യാൻ പറഞ്ഞു നിർത്തി... അത്തരത്തിൽ രസകരമായ ഓര്‍മകള്‍ പങ്കിട്ടുകൊണ്ടാന് സിനിമയപടെ പ്രൊമോഷന്‍ പരിപാടി കടന്നുപോയത്.
''നദികളില്‍ സുന്ദരി യമുന'' തിയേറ്ററില്‍: ധ്യാന്‍ ശ്രീനിവാസൻ, അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളോറ എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ''നദികളില്‍ സുന്ദരി യമുന'' ഇന്ന് പ്രദർശനത്തിനെത്തി. സിനിമാറ്റിക് ഫിലിംസ് എല്‍എല്‍പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരിക്കഞ്ചേരി എന്നിവര്‍ ചേര്‍ന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സുധീഷ്, കലാഭവന്‍ ഷാജോണ്‍, നിര്‍മ്മല്‍ പാലാഴി, നവാസ് വള്ളിക്കുന്ന്, സോഹന്‍ സിനുലാല്‍, രാജേഷ് അഴിക്കോടന്‍, കിരണ്‍ രമേശ്, ഭാനു പയ്യന്നൂര്‍, ശരത് ലാല്‍, ദേവരാജ് കോഴിക്കോട്, അനീഷ്, ആതിര,ആമി, പാര്‍വ്വണ, ഉണ്ണിരാജ, വിസ്‌മയ ശശികുമാർ തുടങ്ങിയ പ്രമുഖരും വേഷമിടുന്നു.
കാലത്തിന് അനുസരിച്ച് സിനിമ ചെയ്‌തില്ലെങ്കിൽ ഈ മേഖലയിൽ പിടിച്ചു നിൽക്കാൻ പ്രയാസമാണെന്ന് ചിത്രത്തിന്‍റെ പ്രസ് മീറ്റില്‍ വച്ച് ധ്യാന്‍ പറഞ്ഞിരുന്നു. പ്രണവ് മോഹന്‍ലാല്‍ - വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടിലൊരുങ്ങിയ 'ഹൃദയം' പല പ്രേക്ഷകർക്കും ഇന്ന് അസഹനീയം ആണെന്നും ധ്യാന്‍ പ്രസ് മീറ്റില്‍ പറഞ്ഞു. രണ്ട് വര്‍ഷത്തിനുള്ളില്‍ അഭിനയം നിര്‍ത്തുന്നതിനെ കുറിച്ചുള്ള ആലോചനയിലാണെന്നും ധ്യാന്‍ പറഞ്ഞിരുന്നു.
'ലോക്‌ഡൗണിന് ശേഷം സംഭവിച്ച വലിയ ഗ്യാപ്പ് സിനിമ ഭാവിയെപ്പറ്റി തനിക്ക് വല്ലാതെ ഭയം സമ്മാനിച്ചിരുന്നു. അതുകൊണ്ടാണ് തേടിയെത്തിയ സിനിമകൾക്കെല്ലാം തന്നെ കഥയുടെ മൂല്യം പോലും നോക്കാതെ ഡേറ്റ് നൽകിയത്. അതിപ്പോൾ ബാധ്യതയാകുന്നു. തന്‍റെ ഫോൺ നമ്പർ ഉണ്ടെങ്കിൽ ഏതൊരാൾക്കും തന്നെ വിളിച്ച് കഥ പറയാനും അത് ഇഷ്‌ടപ്പെട്ടാൽ വളരെ ഈസിയായി, തന്നെ വച്ച് സിനിമ ചെയ്യുവാനും സാധിക്കും.' -ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞിരുന്നു.