എറണാകുളം : കാക്കനാട് മയക്കുമരുന്ന് കേസിലെ പ്രതി സുസ്‌മിതയെ എക്സൈസ് കസ്‌റ്റഡിയിൽ വിട്ടു. എറണാകുളം ജില്ല സെഷൻസ് കോടതിയാണ് ഈ മാസം ഏഴ് വരെ കസ്‌റ്റഡി അനുവദിച്ചത്. കാക്കനാട് പിടിയിലായ ലഹരി സംഘത്തിന് നേതൃത്വം നൽകിയിരുന്നവരിൽ പ്രധാനി കൊച്ചി സ്വദേശി സുസ്‌മിത ഫിലിപ്പാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ഈ സംഘം ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നതായും സംഘത്തില്‍ കൂടുതൽ പേർ ഇനിയും ഉൾപ്പെട്ടിട്ടുണ്ടെന്നുമാണ് എക്സൈസ് സംശയിക്കുന്നത്. പ്രതികൾക്ക് സുസ്‍മിത സാമ്പത്തിക സഹായം നൽകിയെന്നും ഗൂഢാലോചനയിൽ പങ്കാളിയാണന്നും എക്സൈസ് വ്യക്തമാക്കി. മയക്കുമരുന്ന് ഇടപാടിൽ സുസ്‍മിത സജീവമായിരുന്നെന്ന് വ്യക്തമായതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
ALSO READ: ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ ലഖ്‌നൗ വിമാനത്താവളത്തിൽ തടഞ്ഞു ; പ്രതിഷേധം
നേരത്തെ പിടിയിലായ പ്രതികൾക്കൊപ്പം ലഹരി പാർട്ടി സംഘടിപ്പിക്കാൻ സുസ്‌മിതയുമുണ്ടായിരുന്നു. പ്രതികൾക്കൊപ്പം വൻകിട ഹോട്ടലുകളിലും ക്ലബ്ബുകളിലും ഇവർ പാർട്ടിയിൽ പങ്കടുത്തു. പ്രതികളിൽ നിന്ന് പിടികൂടിയ വിദേശ ഇനം നായ്ക്കളെ പരിചരിച്ചതും ഇവരാണെന്നാണ് എക്സൈസ് കണ്ടെത്തല്‍.