എറണാകുളം: ഹൈക്കോടതി ജഡ്‌ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ അഭിഭാഷകനായ സൈബി ജോസിനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് തുടങ്ങും. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും. ആദ്യ ഘട്ടത്തിൽ സൈബി ജോസിനെതിരെ ഹൈക്കോടതി വിജിലൻസിന് മൊഴി നൽകിയ നാല് അഭിഭാഷകരുടെ മൊഴി രേഖപ്പെടുത്തും.
തുടർന്നായിരിക്കും ആരോപണ വിധേയനായ സൈബി ജോസിനെ ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്യുക. ക്രൈംബ്രാഞ്ച് മേധാവി എഡിജിപി ഡോ. ദർവേഷ് സാഹിബിന്‍റെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് എസ്‌പി കെ എസ് സുദർശന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. എറണാകുളം ക്രൈംബ്രാഞ്ചിലെ ഡിറ്റക്‌ടീവ് ഇൻസ്പെക്‌ടർമാരായ എ എസ് ശാന്തകുമാർ, സിബി ടോം, ഗ്രേഡ് എസ്ഐമാരായ കലേഷ് കുമാർ, ജോഷി സി എബ്രഹാം, ക്രൈംബ്രാഞ്ച് ആലപ്പുഴ യൂണിറ്റിലെ ഗ്രേഡ് എസ്ഐമാരായ എസ് അമൃതരാജ്, ജയ്മോൻ പീറ്റർ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉള്ളത്.
Also Read: ജഡ്‌ജിയുടെ പേരിൽ കോഴ; കൈപറ്റിയത് 75 ലക്ഷം, ഹൈക്കോടതി അഭിഭാഷകനെതിരെ ഗുരുതര കണ്ടെത്തല്‍
അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 7(1), ഇന്ത്യന്‍ ശിക്ഷ നിയമം വകുപ്പ് 420 എന്നിവ പ്രകാരമാണ് കേസ് പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കുന്നത്. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പ്രാഥമിക അന്വേഷണം നടത്തി കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തത്. അതേസമയം അന്വേഷണത്തെ അഡ്വ. സൈബി ജോസ് സ്വാഗതം ചെയ്‌തു. അന്വേഷണത്തിൽ തനിക്കെതിരായ ഗൂഢാലോചന പുറത്ത് വരുമെന്നും ഇതിലൂടെ താൻ മാത്രമല്ല, ജുഡീഷ്യറി കൂടിയാണ് സംരക്ഷിക്കപ്പെടുന്നതെന്നും വ്യക്തി വിരോധമുള്ള ചില അഭിഭാഷകരാണ് ഈ കേസിന് പിന്നിലെന്നും അദ്ദഹം പറഞ്ഞു.