എറണാകുളം: ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. ക്രൈംബ്രാഞ്ച് കേസിൽ സ്റ്റേ അനുവദിക്കണമെന്ന ഇഡിയുടെ ആവശ്യം ഹൈക്കോടതി ഇന്നും അംഗീകരിച്ചില്ല. അതേസമയം ഇഡി ഉദ്യോഗസ്ഥൻമാരുടെ അറസ്റ്റ് ഉൾപ്പടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കരുതെന്നും സർക്കാരിന് കോടതി നിർദേശം നൽകി.
ഇഡിക്കെതിരായ ക്രൈം ബ്രാഞ്ച് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് കോടതി ഏപ്രില്‍ എട്ടാം തിയതിയിലേക്ക് മാറ്റുകയും ചെയ്‌തു. ഇഡികെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം നിയമപരമല്ലെന്നായിരുന്നു ഇഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചത്.ഒരു അന്വേഷണ ഏജൻസിക്കെതിരെ മറ്റൊരു അന്വേഷണ ഏജൻസി കേസെടുക്കുന്നത് അസാധാരണമാണ്. ഇത് അനുവദിച്ചാൽ നിയമ വ്യവസ്ഥ തന്നെ ഇല്ലാതാകുമെന്ന ശക്തമായ വാദവും അദ്ദേഹം ഉന്നയിച്ചു.
പക്ഷപാതപരമായാണ് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസിലെ തെളിവുകൾ നശിപ്പിക്കാനാണ് ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണമെന്നും ഇഡി കോടതിയിൽ ആരോപിച്ചു. അതേസമയം ക്രൈംബ്രാഞ്ച് അന്വേഷണം തടസപ്പെടുത്താൻ ഇഡി ശ്രമിക്കുന്നതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണത്തിൽ കാലതാമസം വരുത്തി തെളിവ് ഇല്ലാതാക്കാനാണ് ഇഡിയുടെ ശ്രമമെന്നും സർക്കാർ വാദിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചുവെന്ന ഇഡിയുടെ ആരോപണവും സർക്കാർ തള്ളി.