എറണാകുളം : പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്‍റെ ക്രൈംബ്രാഞ്ച് കസ്റ്റഡി കാലാവധി മൂന്ന് ദിവത്തേക്ക് നീട്ടി. ക്രൈംബാഞ്ച് അപേക്ഷ പരിഗണിച്ച് എറണാകുളം എസിജെഎം കോടതിയാണ് ഒക്ടോബർ രണ്ട് വരെ കസ്റ്റഡി നീട്ടിയത്.
അന്വേഷണവുമായി പ്രതി പൂർണമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. പുരാവസ്‌തുക്കള്‍ വിൽപ്പനയ്ക്കല്ലെങ്കിലും ആളുകളെ കബളിപ്പിക്കാൻ വേണ്ടി വിനിയോഗിച്ചെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.
സ്വകാര്യ ബാങ്കിന്‍റെ പേരിൽ, കോടികളുടെ നിക്ഷേപമുണ്ടെന്ന വ്യാജരേഖ നിർമ്മിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. ബാങ്കുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ഇത് വ്യക്തമായിട്ടുണ്ട്.
വ്യാജരേഖ നിർമിച്ചതിന്‍റെ ഉറവിടം ഉൾപ്പടെ കണ്ടെത്താൻ വിശദമായ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
എന്നാൽ സമ്പാദിച്ച പണം കണ്ടെത്തണമെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നതെന്നും, എന്നാൽ മോൻസണിന്‍റെ അക്കൗണ്ടിലോ, കൈവശമോ പണമില്ലന്നും പ്രതിഭാഗം വാദിച്ചു.
ALSO READ ETV BHARAT EXCLUSIVE: "സകർമ്മയ്ക്ക്" പുല്ലുവില, ബ്ലോക്ക് പഞ്ചായത്തുകളില്‍ നടക്കുന്നത് വൻ തിരിമറി
വ്യാജരേഖ ചമച്ചുവെന്നത് തെറ്റായ ആരോപണമാണ്. പുരാവസ്‌തു ഉണ്ടെങ്കിലും ആരോടും വാങ്ങാൻ പറഞ്ഞിട്ടില്ലെന്നും പ്രതിഭാഗം പറഞ്ഞു.
പ്രതിഭാഗത്തിന്‍റെ വാദങ്ങൾ തള്ളിയാണ് മോന്‍സണ്‍ മാവുങ്കലിന്‍റെ കസ്റ്റഡി കാലാവധി കോടതി നീട്ടി നൽകിയത്. അതേസമയം പൊലീസ് ശാരീരികമായോ മാനസികമായോ ഉപദ്രവിച്ചിട്ടില്ലെന്ന് മോൻസണ്‍ കോടതിയെ അറിയിച്ചു.