എറണാകുളം : സിപിഎം പാർട്ടി കോൺഗ്രസിൽ താൻ അതിഥിയായി പങ്കെടുക്കുന്ന കാര്യത്തിൽ എഐസിസി തീരുമാനം എടുക്കട്ടെയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ്. സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ അനുമതി തേടിയിട്ടുണ്ട്. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായി സംസാരിച്ചിരുന്നു.
എഐസിസി ഇതുവരെ തീരുമാനം പറഞ്ഞിട്ടില്ല. ഒൻപതാം തീയതി വരെ സമയമുണ്ടെന്നും കെ.വി തോമസ് പറഞ്ഞു. പാർട്ടി കോൺഗ്രസിൽ ഒൻപതാം തീയതിലെ പരിപാടിക്കാണ് ക്ഷണിച്ചത്. ഇതുമായി ബന്ധപ്പെട്ട വിശദമായ കത്ത് സോണിയ ഗാന്ധിക്ക് നൽകിയിട്ടുണ്ട്.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അടക്കം പങ്കെടുക്കുന്ന പരിപാടിയുടെ പ്രാധാന്യം അറിയിച്ചിട്ടുണ്ട്. ദേശീയ സമ്മേളനമായതിനാലാണ് എഐസിസി യുടെ അനുമതി തേടിയതെന്നും കെ.വി തോമസ് പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കുന്നതിനെതിരെ കെപിസിസി പ്രസിഡന്‍റ് പറഞ്ഞതിനോട് പ്രതികരിക്കാനില്ല.
കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യം പറയാനുള്ള അധികാരം കെപിസിസി പ്രസിഡന്‍റിനുണ്ട്. കേരളത്തിൽ മാത്രമാണ് സിപിഎമ്മുമായി കോൺഗ്രസ് നേരിട്ട് ഏറ്റുമുട്ടുന്നത്. മറ്റിടങ്ങളിൽ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ കക്ഷികൾ ഒരുമിച്ച് പ്രവർത്തിക്കേണ്ട സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ടോയെന്ന ചോദ്യത്തിന് അതെല്ലാം പിന്നീട് പറയാമെന്നായിരുന്നു കെ.വി തോമസിന്‍റെ മറുപടി.