എറണാകുളം: എറണാകുളം ജില്ലയ്ക്ക് ആശ്വാസമായി കഴിഞ്ഞ ഒൻപത് ദിവസമായി കൊവിഡ് പോസ്റ്റീവ് കേസുകളില്ല. ഇതോടെ കൊവിഡ് ഹോട്ട് സ്‌പോട്ട് പട്ടികയില്‍ നിന്നും ജില്ല പുറത്ത് കടന്നു. ജില്ലയില്‍ നിലവില്‍ ആശുപത്രികളില്‍ ഐസൊലേഷനില്‍ ഉള്ളവരില്‍ ഏഴ് പേരാണ് കൊവിഡ് പോസ്റ്റീവായി ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ജില്ലയില്‍ പുതിയതായി ഒൻപത് പേരെ കൂടി ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ മൂന്ന് പേർ കളമശേരി മെഡിക്കല്‍ കോളജിലും ആറ് പേർ സ്വകാര്യ ആശുപത്രിയിലുമാണ്.
നിലവിൽ 27 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നത്. കളമശേരി മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 5 പേരെയും, ആലുവ ജില്ല ആശുപത്രിയിൽ നിന്ന് ഒരാളെയും ഡിസ്ചാർജ് ചെയ്തു. വീടുകളിൽ 24 പേരെ പുതിയതായി നിരീക്ഷണത്തിൽ ഉൾപ്പെടുത്തി. വീടുകളിൽ നിരീക്ഷണത്തിലുണ്ടായിരുന്ന 659 പേരെ നിരീക്ഷണ കാലയളവ് അവസാനിച്ചതോടെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 2074 ആയി. ഇതിൽ 2060 പേർ ഹൈ റിസ്‌ക് വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ 28 ദിവസത്തെ നിരീക്ഷണത്തിലും, 14 പേർ ലോ റിസ്‌ക് വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ 14 ദിവസത്തെ നിരീക്ഷണത്തിലുമാണ്.