എറണാകുളം: എറണാകുളം ജില്ലയിലെ കൊവിഡ് പരിശോധനാ ക്യാമ്പയിന്‍റെ ഭാഗമായി രണ്ടാം ദിവസവും വ്യാപക പരിശോധന. ആദ്യ ദിവസം പതിനയ്യായിരത്തിലധികം പരിശോധനകളാണ് ജില്ലയിൽ നടത്തിയത്. രണ്ടാം ദിനത്തിൽ പതിനാറായിരം കൊവിഡ് പരിശോധനകള്‍ പൂർത്തിയാക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. ക്യാമ്പയിന്‍റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രത്യേക പരിശോധന ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ വിവിധ സ്വകാര്യ ആശുപത്രികളും സഞ്ചരിക്കുന്ന പരിശോധനാ സംവിധാനങ്ങളും ക്യാമ്പയിന്‍റെ ഭാഗമായുണ്ട്.
ആശാ പ്രവര്‍ത്തകരുടെ സഹായത്തോടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തവരെ ക്യാമ്പയിനിലൂടെ കൊവിഡ് പരിശോധനക്ക് വിധേയരാക്കും. വാക്സിന്‍ സ്വീകരിക്കാത്ത 45 വയസിന് മുകളില്‍ പ്രായമുള്ള ലക്ഷണമില്ലാത്തവരെയും പരിശോധിക്കുന്നുണ്ട്. കണ്ടെയ്ൻമെന്‍റ് സോണുകള്‍, ക്ലസ്റ്ററുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുഴുവന്‍ പേർക്കും പരിശോധന നടത്തും. രണ്ട് ദിവസത്തിനുള്ളിൽ 31000 പരിശോധനകൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം.
സംസ്ഥാനത്ത് കൂടുതൽ രോഗബാധ സ്ഥിരീകരിക്കുന്ന ജില്ല കൂടിയാണ് എറണാകുളം. കഴിഞ്ഞ നാല് ദിവസങ്ങളിൽ തുടർച്ചയായി ആയിരത്തിലധികം പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. നിലവിൽ 10138 പേരാണ് എറണാകുളം ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്.