എറണാകുളം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി ജില്ല ഭരണകൂടം. ഇതിന്‍റെ ഭാഗമായി ജില്ലയില്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച വാര്‍ഡുകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. ബുധനാഴ്ച വൈകിട്ട് ആറ് മണി മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. 113 വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചത്. കൊച്ചി കോര്‍പ്പറേഷനിലെ 8, 22, 27, 26, 60 എന്നീ അഞ്ച് ഡിവിഷനുകളും കണ്ടയ്ൻമെന്‍റ് സോണുകളിൽ ഉൾപ്പെടും.
ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന സാഹചര്യത്തിലാണ് നടപടി. ജില്ല കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തിര യോഗത്തിലാണ് തീരുമാനം. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി ജില്ലയിൽ 140 സെക്ടറൽ മജിസ്ട്രേറ്റുമാരെക്കൂടി അധികമായി നിയമിക്കും. നിലവിൽ പ്രവർത്തിക്കുന്ന 60 പേർക്ക് പുറമെയാണിത്. ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് സെക്ടറൽ മജിസ്ട്രേറ്റുമാരായി നിയമിക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ മേഖലകളിൽ ഇവരുടെ സേവനം പ്രയോജനപ്പെടുത്തും.
Also read: തിയേറ്ററുകള്‍ അടച്ചിടണമോ തുറക്കണമോ എന്ന് ഉടമകള്‍ തീരുമാനിക്കട്ടെ: ഫിയോക്ക്
പൊതു ഇടങ്ങളില്‍ സാമൂഹിക അകലം ഉറപ്പുവരുത്തുക, മാസ്ക് ശരിയായ രീതിയിൽ ധരിക്കുക, ക്വാറന്‍റൈൻ കൃത്യമായി പാലിക്കുക, കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനത്തിന്‍റെ പരാതികൾ പരിശോധിക്കുക, വ്യാപാര സ്ഥാപനങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങളുടെ പാലനം ഉറപ്പുവരുത്തുക എന്നിവയാണ് സെക്ടറൽ മജിസ്ട്രേറ്റുമാരുടെ ചുമതല. ഇതുകൂടാതെ പൊതു ഇടങ്ങളിലും, വിവാഹ ചടങ്ങുകളിലും കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പു വരുത്തുകയെന്നതും സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിധിയിൽ വരും. അതാത് തഹസിൽദാർമാരുടെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
Also read:സംസ്ഥാനത്ത് 19,577 പേര്‍ക്ക് കൂടി കൊവിഡ് ; ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക്
നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാന്‍ പൊലീസിന്‍റെ ശക്തമായ നിരീക്ഷണവും ഏർപ്പെടുത്തും. വീടുകളിൽ ഉൾപ്പടെ പ്രവർത്തിക്കുന്ന ട്യൂഷൻ സെന്‍ററുകളുടെ പ്രവർത്തനങ്ങളെല്ലാം നിരോധിച്ചു. ആവശ്യക്കാർക്ക് ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാം. സർക്കാർ തലത്തിൽ ഉൾപ്പടെയുള്ള മുഴുവൻ മീറ്റിങ്ങുകളും പരിശീലന പരിപാടികളും ഓൺലൈനായി നടത്തണം. ആരാധനാലയങ്ങളിലും പൊതുജനങ്ങളുടെ പങ്കാളിത്തം നിയന്ത്രിക്കണം. ഇത് ഓൺലൈൻ മുഖേന നടപ്പാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ നിർബന്ധമായും അടപ്പിക്കും. രണ്ട് ദിവസം വരെ അടച്ചിടാനാണ് നിർദ്ദേശം. സെക്ടറൽ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിലായിരിക്കും നടപടി. രാത്രി ഒമ്പത് മണിക്കും പുലർച്ചെ അഞ്ചിനും ഇടയിലുള്ള കൂട്ടം കൂടൽ പൂർണമായും നിരോധിച്ചു. സിനിമ തിയറ്ററുകളുടെ പ്രവർത്തനം 7.30 വരെയേ പാടുള്ളൂ. ജില്ലയിൽ കണ്ടെയ്ൻമെന്‍റ് സോൺ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കാനും തീരുമാനമായി.