എറണാകുളം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ആലുവ ക്ലസ്റ്ററിൽ നാളെ മുതൽ കർഫ്യൂ പ്രഖ്യാപിച്ചു. ആലുവയുടെ സമീപ പഞ്ചായത്തുകളായ ചൂർണിക്കര, എടത്തല, ചെങ്ങമനാട്, കരുമാലൂർ, കടുങ്ങല്ലൂർ, ആലങ്ങാട് പഞ്ചായത്തുകൾ കൂടി ഉൾപ്പെടുത്തി ആലുവ ലാർജ് ക്ലസ്റ്ററാക്കിയെന്ന് മന്ത്രി വി. എസ്. സുനിൽ കുമാർ അറിയിച്ചു. തൃക്കാക്കരയിൽ പ്രവർത്തിക്കുന്ന കരുണാലയത്തിൽ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കരുണാലയത്തെ ക്ലോസ്ഡ് ക്ലസ്റ്റർ ആക്കി മാറ്റും.
ജില്ലയിൽ വയോജനങ്ങൾ കൂടുതലുള്ള സ്ഥലങ്ങളില്‍ നിരീക്ഷണം കർശനമാക്കും. മൂവാറ്റുപുഴ പെഴക്കാപ്പള്ളി മത്സ്യ മാർക്കറ്റ് അടക്കും. ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായി ചെല്ലാനം മേഖലയിൽ രോഗവ്യാപനം കുറഞ്ഞിട്ടുണ്ട്. വിവാഹങ്ങൾക്കും മരണാന്തര ചടങ്ങുകൾക്കും ഇളവുകൾ പ്രഖ്യാപിച്ചു. ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ കൃത്യമായി പൊലീസിനെയും പഞ്ചായത്ത് ഉദ്യോഗസ്ഥരെയും റെവന്യു ഉദ്യോഗസ്ഥരെയും അറിയിക്കണം. എല്ലാ സ്വകാര്യ ആശുപത്രികളും അണുനാശനം നടത്തി നാളെ മുതൽ പ്രവര്‍ത്തനം ആരംഭിക്കും. കൊവിഡ് പരിശോധന സംവിധാനമുള്ള സ്വകാര്യ ആശുപത്രികളിൽ ഗുരുതര അവസ്ഥയിലുള്ള രോഗിക്കൾക്ക് ചികിത്സ ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു.