എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഫോണുകൾ ഉടൻ തന്നെ അന്വേഷണത്തിനായി കൈമാറണമെന്ന് ദിലീപിനോട് ഹൈക്കോടതി. അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ മാറിചിന്തിക്കേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി.
അന്വേഷണം മുന്നോട്ട് പോകേണ്ടത് ആവശ്യമാണ്. അതാണ് പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കി. ഫോണുകൾ തിങ്കളാഴ്‌ച രാവിലെ 10 മണിക്ക് ഹൈക്കോടതി രജിസ്‌ട്രാർ മുമ്പാകെ മുദ്രവച്ച കവറിൽ ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു.
എന്നാൽ ഫോണുകൾ മുംബൈയിൽ പരിശോധനയ്ക്ക് അയച്ചിരിക്കുന്നതിനാൽ ഹാജരാക്കാൻ കഴിയില്ലെന്നും ചൊവ്വാഴ്‌ച വരെ സമയം നൽകണമെന്നും ദിലീപ് ആവശ്യപ്പെട്ടു. ഗൂഢാലോചന കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഉപഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
പ്രത്യേക സിറ്റിങ് നടത്തിയാണ് കോടതി ഹർജി വീണ്ടും പരിഗണിച്ചത്. ദിലീപിന് വേണ്ടി അഡ്വ. രാമൻ പിള്ള ഹാജരായി. ദിലീപിനെതിരായ ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും ഫോണുകൾ കൈമാറാതിരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
ദിലീപ് സ്വന്തം വിദഗ്‌ധനെ ഉപയോഗിച്ച് ഫോൺ പരിശോധിക്കുന്നത് ശരിയല്ലെന്നും ഹൈക്കോടതി പറഞ്ഞു. ഫോൺ അന്വേഷണത്തിന് നൽകില്ലെന്ന് ദിലീപിന് പറയാനാവില്ല. സ്വകാര്യത ലംഘനമാണന്ന ദിലീപിൻ്റെ വാദം അംഗീകരിക്കാനാവില്ലെന്നും ആധാർ കാർഡ് കേസിൽ സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയതായും കോടതി പറഞ്ഞു.
ദിലീപിനെതിരെ തെളിവുകളുണ്ട്: പ്രോസിക്യൂഷൻ
അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിനെതിരായ തെളിവുകൾ കണ്ടെത്തിയതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എം.ജി റോഡിലെ ഫ്ലാറ്റിൽ ഗൂഢാലോചന നടത്തിയെന്നും 2019ൽ സിനിമ നിർമാതാവായ വ്യക്തിയുമായി നടത്തിയ സംഭാഷണം കണ്ടെത്തിയിട്ടുണ്ടെന്നും പ്രോസികൃൂഷൻ കോടതിയെ അറിയിച്ചു.
എറണാകുളം പൊലീസ് ക്ലബിന് സമീപം ഉണ്ടായ ഗൂഢാലോചനക്കും തെളിവുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞു. എന്നാൽ പൊലീസ് കണ്ടെത്തിയ തെളിവുകൾ ഗൂഢാലോചന തെളിയിക്കാൻ ഉതകുന്നതാണോ എന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.
വധഗൂഢാലോചന കേസ് കെട്ടിച്ചമച്ചതെന്ന് ദിലീപ്
സംസ്ഥാന പൊലീസും മാധ്യമങ്ങളും തനിക്കെതിരെന്ന് ദിലീപ് കോടതിയെ അറിയിച്ചു. ഫോണ്‍ നല്‍കില്ലെന്ന് പറയുന്നത് അന്വേഷണത്തോട് സഹകരിക്കാതിരിക്കല്ലല്ല. നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരെ തെളിവുകൾ ലഭിക്കാത്തതിനാൽ വധഗൂഢാലോചന കേസ് അന്വേഷണ ഉദ്യോഗസ്ഥർ കെട്ടിചമക്കുകയായിരുന്നു.
ലോക്കൽ പോലീസ് രജിസ്റ്റർ ചെയ്യേണ്ട കേസ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തത് ദുരൂഹമെന്നും ദിലീപ് കോടതിയെ അറിയിച്ചു. തുടർ അന്വേഷണത്തിന് പ്രതികളെ കസ്റ്റഡിയിൽ ലഭിക്കില്ലെന്ന് കണ്ടാണ് പുതിയ കേസ് ചുമത്തിയതതെന്നും ദിലീപ്.