എറണാകുളം: കോൺഗ്രസിന്‍റെ ദേശീയപാത ഉപരോധത്തിനിടെ കൊച്ചിയിൽ നടൻ ജോജു ജോര്‍ജിന്‍റെ കാർ തകർത്ത കേസിൽ പ്രതികളായ കോൺഗ്രസ് നേതാക്കൾ റിമാന്‍ഡില്‍. മുൻ മേയർ ടോണി ചമ്മണി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ്, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജർജസ്, കോൺഗ്രസ് പ്രവർത്തകനായ ജോസഫ് മാളിയേക്കൽ എന്നിവരെയാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി റിമാന്‍ഡ് ചെയ്തത്.
കസ്റ്റഡി ഈ മാസം 22 വരെ
ഈ മാസം 22 വരെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. പ്രതികളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. നാല് പേർക്കും വേണ്ടി കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. ജാമ്യാപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണിക്കും. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 143, 147, 149, 283, 188, 109, 341, 323, 294 b, 427, 506, വകുപ്പുകള്‍ക്ക് പുറമെ പി.ഡി.പി.പിയുമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
വൈകുന്നേരം മൂന്നരമണിയോടെയാണ് പ്രതികളായ കോൺഗ്രസ് പ്രവർത്തകർ മരട് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
Also Read: ജോജുവിന്‍റെ കാർ തകർത്ത കേസ്; കോൺഗ്രസ് നേതാക്കൾ കീഴടങ്ങി, ജോജുവിന്‍റെ കോലം കത്തിച്ചു
കീഴടങ്ങാനെത്തിയ നേതാക്കളെ പ്രകടനമായി പൊലിസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് പ്രവർത്തകർ ആനയിക്കുകയായിരുന്നു. കോൺഗ്രസ് പ്രവർത്തകർ ജോജു ജോർജിന്‍റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. നേരത്തെ ഈ കേസിൽ ഐ.എൻ.ടി.യു.സി പ്രവർത്തകനായ ജോസഫ്, യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഷെരീഫ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റ് ജാമ്യമില്ല വകുപ്പ് പ്രകാരം
ഇതിൽ രണ്ടാം പ്രതിയായ ജോസഫിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ജോജുവിന്‍റെ പരാതിയിലാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തത്.