എറണാകുളം: വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകൾക്ക് സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു.കൊച്ചിയിൽ എ.ഇ.ഒ ഒഫീസിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ ടി.ജെ.വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കാൻ സൗകര്യമുണ്ടോയെന്ന് പരിശോധിക്കാതെയാണ് സംസ്ഥാനത്ത് ക്ലാസ് തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിലാണ് വിദ്യാർഥിനിയുടെ ആത്മഹത്യയുണ്ടായത്.
മെട്രോ നഗരമായ എറണാകുളത്ത് പോലും ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്ത 200-ൽ പരം കുട്ടികളുണ്ട്. ഇത് വ്യക്തമാക്കുന്നത് നാട്ടിൻപുറങ്ങളിൽ പഠന സൗകര്യമില്ലാത്തവരുടെ എണ്ണം കൂടുതലായിരിക്കുമെന്ന് തന്നെയാണ്. എം.എൽ.എ എന്ന നിലയിൽ ടി.വി.ചാലഞ്ച് ആരംഭിച്ച ശേഷം നിരവധിയാളുകളാണ് ബന്ധപ്പെടുന്നത്. ഓൺലൈൻ ക്ലാസിന്‍റെ കാര്യത്തിൽ സർക്കാരിന് ആത്മാർഥതയില്ലെന്നും ടി.ജെ.വിനോദ് എംഎൽഎ കുറ്റപ്പെടുത്തി. സാമൂഹ്യ അകലം പാലിച്ചും കൊവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായാണ് പ്രതിഷേധ ധർണ സംഘടിപ്പിച്ചത്.