എറണാകുളം : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ട്വന്റി -ട്വന്റിയുടെയും ആം ആദ്‌മി പാർട്ടിയുടെയും പിന്തുണ അഭ്യർഥിച്ച് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ. കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇരുപാർട്ടികളുടെയും പിന്തുണ തേടിയത്. ഒരു കാരണവശാലും ആം ആദ്‌മി പാർട്ടിക്ക് യോജിക്കാൻ കഴിയാത്ത മുന്നണിയാണ് ഇടതുമുന്നണി.
ട്വന്റി-ട്വന്റിക്കും സി.പി.എമ്മുമായി ശത്രുതയുണ്ട്. ട്വന്റി ട്വന്റിയുടെയും എ.എ.പിയുടെയും വോട്ടുകൾ തൃക്കാക്കരയിൽ സ്വാഗതം ചെയ്യുന്നു. അവരുടെ പിന്തുണ തേടുകയാണെന്നും അദ്ദേഹം പറഞ്ഞു. എ.എ.പിക്ക് കേരളത്തിൽ വേരോട്ടം കിട്ടുമെന്ന് കരുതുന്നില്ല. പുതിയ പാർട്ടിയെന്ന നിലയിൽ ട്വന്റി-ട്വന്റിയെ ചിലർ വ്യക്തിപരമായി എതിർത്തിട്ടുണ്ട്. അവരുടെ പ്രവർത്തനഫലമായി സ്വാഭാവികമായും കോൺഗ്രസിന് നഷ്ടങ്ങളുണ്ടായിട്ടുണ്ട്.
Also Read: 'കേരളത്തിലും സര്‍ക്കാരുണ്ടാക്കും'; എ.എ.പി – ട്വന്‍റി 20 സഖ്യം പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാൾ
അതേസമയം കോൺഗ്രസ് പാർട്ടിയെന്ന നിലയിൽ അവർക്കെതിരെ സ്റ്റാൻഡ് എടുത്തിട്ടില്ല. അവരെയൊരു പ്രാദേശിക പാർട്ടിയായി കാണുന്നു. എതിരാളികളായി കാണുന്നില്ലെന്നും കെ.സുധാകരൻ വ്യക്തമാക്കി. മുഖ്യമന്ത്രിയും മന്ത്രിമാരും തൃക്കാക്കരയിൽ ക്യാമ്പ് ചെയ്ത് പ്രചാരണത്തിനിറങ്ങുന്നതിനെയും കെ.സുധാകരൻ വിമർശിച്ചു. മുഖ്യമന്ത്രി തൃക്കാക്കരയിൽ കുത്തിപ്പിടിച്ച് ഇരുന്നിട്ട് ഒരു കാര്യവുമില്ലെന്നും കെ.സുധാകരൻ പറഞ്ഞു.