എറണാകുളം: ആലുവ - മൂന്നാർ രാജപാത തുറക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ പൂയംകുട്ടിയിലേക്ക് കോൺഗ്രസ് പ്രവർത്തകർ സൈക്കിൾ റാലി നടത്തി. സൈക്കിൾ റാലിയുടെ ഉദ്‌ഘാടനം മുവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽ നാടൻ
നിർവ്വഹിച്ചു.
കുട്ടമ്പുഴ - കീരംപാറ, മാങ്കുളം, പിണ്ടിമന പഞ്ചായത്തുകളുടെ നേതൃത്വത്തിൽ കോതമംഗലം ചേലാട് നിന്നാണ് സൈക്കിൾ റാലി ആരംഭിച്ചത്. മാങ്കുളം, കുട്ടമ്പുഴ, കീരംപാറ, പിണ്ടിമന പഞ്ചായത്തുകളുടെ സമഗ്ര വികസനത്തോടൊപ്പം ടൂറിസം വിപുലപ്പെടുത്താനും ഉതകുന്ന രാജപാത തുറന്നു നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു.
സൈക്കിൾ റാലിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് മാങ്കുളത്തു നിന്ന് രാജപാതയിലൂടെ യാത്ര ചെയ്‌ത പ്രവർത്തകരെ വനം വകുപ്പ് ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ പ്രതിഷേധിച്ചതിനെ തുടർന്ന് പിന്നീട് യാത്രാ അനുമതി നൽകി. പാത തുറന്ന് നൽകുന്നത് വരെ ശക്തമായ സമര പരിപാടികൾ തുടരുവാനാണ് കോൺഗ്രസിന്‍റെ തീരുമാനം.
ALSO READ: വനിത ഡോക്ടറെ മര്‍ദിച്ച സംഭവം : ആശുപത്രികളില്‍ സുരക്ഷ വർധിപ്പിക്കണമെന്ന് കെജിഎംഒഎ
ആലുവയിൽ നിന്നാരംഭിച്ച് കോതമംഗലം, തട്ടേക്കാട്, കുട്ടമ്പുഴ, പൂയംകുട്ടി, വഴി മൂന്നാർ വരെ എത്തുന്നതാണ് പഴയ രാജപാത. യൂറോപ്യൻ പ്ലാന്‍റേഷൻ കമ്പനിക്ക് വേണ്ടി 1857-ൽ സർ ജോണ്‍ ദാനിയേൽ മണ്‍ട്രോ എന്ന ഇംഗ്ലീഷുകാരനാണ് ഈ പാത നിർമിച്ചത്. കോതമംഗലം നഗരത്തിൽ നിന്ന് ഏകദേശം 60 കിലോമീറ്ററോളം യാത്ര ചെയ്താൽ മൂന്നാറിൽ എത്തുവാൻ കഴിയുന്ന രാജപാതക്ക് കുത്തനെയുള്ള കയറ്റങ്ങളോ വളവുകളോ ഇല്ല എന്ന പ്രത്യേകതയുമുണ്ട്.