എറണാകുളം: കോതമംഗലം - കൃഷി വകുപ്പിന്‍റെ നേതൃത്വത്തിൽ ജനുവരി 4 മുതൽ 7 വരെ തൃശൂരിൽ നടക്കുന്ന 'വൈഗ'- 2020 അന്താരാഷ്ട്ര കൃഷി ഉന്നതി മേളയുടെ മുന്നോടിയായി കോതമംഗലത്ത് സംഘടിപ്പിച്ച 'ഒരുക്കം' ആന്‍റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തൃശൂരിൽ നടക്കുന്ന അന്താരാഷ്ട്ര കൃഷി മേളയുടെ പ്രചരണാർത്ഥമാണ് കോതമംഗലത്ത് 'ഒരുക്കം' സംഘടിപ്പിച്ചത്. കാർഷിക ഉൽപ്പന്നങ്ങളുടെ ഉപോൽപ്പന്നങ്ങൾ ഉപയോഗിച്ചുകൊണ്ട് കൃഷിക്കാർക്ക് വരുമാനം വർധിപ്പിക്കാനുള്ള സാധ്യത തേടുകയാണ് 'വൈഗ' എന്ന പരിപാടി കൊണ്ട് ലക്ഷ്യമിടുന്നത്.
ചടങ്ങിന്റെ ഭാഗമായി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ നടന്ന ഭക്ഷ്യമേള ശ്രദ്ധേയമായി. അംഗൻവാടി പ്രവർത്തകരുടെ അമൃതം ഭക്ഷ്യ ഉത്പന്നങ്ങളുടെ മത്സരവും കുടുംബശ്രീ യൂണിറ്റുകളുടെ കപ്പ ഫുഡ് ഫെസ്റ്റും ഭക്ഷ്യ മേളയുടെ ഭാഗമായി നടന്നു. ഫുഡ് ഫെസ്റ്റിന്‍റെ ഭാഗമായി തയാറാക്കിയ കപ്പയും മീൻകറിയും കഴിക്കാനാണ് കൂടുതൽ പേരും തിരക്ക് കൂട്ടിയത്. കട്‌ലേറ്റ്, എടണയപ്പം, അട, പിടി തുടങ്ങി അമ്പതോളം വ്യത്യസ്ത ഭക്ഷണ ഇനങ്ങളും മേളയിൽ മത്സരത്തിന് ഉണ്ടായിരുന്നു.കർഷകർ, കൃഷി ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, അംഗൻവാടി ജീവനക്കാർ, ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ പരിപാടിക്ക് നേതൃത്വം നൽകി.