എറണാകുളം: മരടിലെ ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നിർണയിക്കുന്നതിനുള്ള ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ കമ്മിറ്റിയുടെ യോഗം ഇന്നും തുടരും. കമ്മിറ്റിയുടെ നാലാമത്തെ സിറ്റിങ്ങാണ് ഇന്ന് കൊച്ചിയിൽ നടക്കുന്നത്. നിലവിൽ 49 പേർക്ക് നഷ്‌ടപരിഹാരം നൽകാനുള്ള നിർദേശമാണ് സമിതി സർക്കാരിന് കൈമാറിയിരിക്കുന്നത്. ഇന്നലെ 35 ഫ്ലാറ്റ് ഉടമകൾക്ക് കൂടി നഷ്‌ടപരിഹാരത്തിന് ശുപാർശ ചെയ്‌തിരുന്നു. ഇതിൽ മൂന്ന് പേർക്ക് മാത്രമാണ് 25 ലക്ഷം രൂപ സമിതി ശുപാർശ ചെയ്തിട്ടുള്ളത്.
ആദ്യ സിറ്റിങ്ങിന് ശേഷം 14 ഫ്ലാറ്റ് ഉടമകൾക്ക് അടിയന്തര ധനസഹായത്തിനുള്ള റിപ്പോർട്ട് ഇതേ സമിതി സർക്കാരിന് കൈമാറിയിരുന്നു. ഇന്നലെ ചേർന്ന നഷ്‌ടപരിഹാര സമിതിയ്‌ക്ക് മുന്നിൽ 61 ഉടമകൾ കൂടി അപേക്ഷ നൽകിയിരുന്നു. ആകെ 185 അപേക്ഷകളാണ് നഗരസഭയ്ക്ക് ഫ്ലാറ്റ് ഉടമകളിൽ നിന്നും ലഭിച്ചത്. ഇതിൽ 120 പേരുടെ പട്ടികയാണ് വിശദമായ പരിശോധനക്ക് ശേഷം നഷ്‌ടപരിഹാര സമിതിക്ക് നഗരസഭ കൈമാറിയത്.
അതേ സമയം 25 ലക്ഷം രൂപ എല്ലാ ഫ്ലാറ്റ് ഉടമകൾക്കും നൽകണമെന്ന സുപ്രീംകോടതി നിർദേശം അട്ടിമറിക്കപ്പെട്ടു എന്നാരോപിച്ച് ഫ്ലാറ്റ് ഉടമകൾ രംഗത്തെത്തി. ഇതിനെതിരെ കോടതിയെ സമീപിക്കാനാണ് ഫ്ലാറ്റ് ഉടമകളുടെ തീരുമാനം.