എറണാകുളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ റൺവേ നവീകരണ പ്രവര്‍ത്തനങ്ങൾ ആരംഭിച്ചു. നവീകരണ പ്രവർത്തനങ്ങൾ 2020 മാർച്ച് 28 വരെ നീണ്ട് നിൽക്കും. അതിനാല്‍ തന്നെ പകൽ സമയങ്ങളിലെ വിമാനസർവീസുകൾ സിയാൽ പൂർണമായും ഒഴിവാക്കി. ഇതിന്‍റെ ഭാഗമായി 24 മണിക്കൂർ പ്രവർത്തനസമയം ഇന്ന് മുതൽ 16 മണിക്കൂറായി ചുരുക്കുകയും ചെയ്തിട്ടുണ്ട്. രാവിലെ പത്ത് മുതല്‍ വൈകുന്നേരം ആറ് മണിവരെയാണ് റണ്‍വേ അടച്ചിടുന്നത്. ഇതോടെ രാവിലെയും വൈകുന്നേരവും കൂടുതൽ തിരക്ക് ഉണ്ടാകുന്നത് പരിഗണിച്ച് ചെക്ക്-ഇൻ സമയം വർദ്ധിപ്പിച്ചു. ആഭ്യന്തര യാത്രക്കാർക്ക് മൂന്ന് മണിക്കൂർ മുൻപും രാജ്യാന്തര യാത്രക്കാർക്ക് നാല് മണിക്കൂർ മുമ്പും ചെക്ക്-ഇൻ ചെയ്യാവുന്നതാണ്.
അതേസമയം നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി അഞ്ച് വിമാന സർവീസുകൾ റദ്ദ് ചെയ്‌തതായി സിയാൽ അധികൃതർ അറിയിച്ചു. രാജ്യാന്തര വിഭാഗത്തില്‍ സ്പൈസ് ജെറ്റിന്‍റെ മാലദ്വീപ് സര്‍വീസും വിവിധ എയർലൈനുകളുടെ അഹമ്മദാബാദ്, ഡൽഹി, ചെന്നൈ, മൈസൂർ എന്നിവിടങ്ങളിലേക്കുള്ള ഓരോ സർവീസുകളുമാണ് റദ്ദാക്കിയത്. ഒക്ടോബർ അവസാനവാരം നടപ്പില്‍ വന്ന ശീതകാല സമയപ്പട്ടികയിൽ നിരവധി അധിക സർവീസുകളുണ്ടെന്നും സിയാൽ വ്യക്തമാക്കി. ടാക്‌സി വേ ലിങ്കുകളുടെ മൈനിങ് ജോലികളും, റൺവേയിലെ ആദ്യ പാളികൾ നീക്കംചെയ്യുന്ന ജോലികളും ടാക്‌സി വേയുടെ നവീകരണവുമാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്.