എറണാകുളം: ജില്ലയിലെ പൂത്തൃക്ക പഞ്ചായത്തിലെ പരിയാരം ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന ബെന്നിയുടെ കുടുംബത്തിന് വീട് വെച്ച് നൽകി പൂർവവിദ്യാർഥി കൂട്ടായ്‌മ. പണിതീരാത്ത വീടിനുള്ളിൽ കഴിഞ്ഞിരുന്ന ഇവരുടെ ദുരവസ്ഥ കണ്ടറിഞ്ഞ കോലഞ്ചേരി സെന്‍റ്. പീറ്റേഴ്‌സ് കോളജിലെ ഡിഗ്രി ബാച്ചിലെ പൂർവ വിദ്യാർഥികളുടെ നേതൃത്വത്തിൽ നാട്ടിലെയും വിദേശത്തുള്ള സുമനസുകളെയും ഏകോപ്പിപ്പിച്ചാണ് വീട് നിർമിച്ച് നൽകിയത്. സമൂഹമാധ്യമങ്ങളിലൂടെയാണ് വീടിന്‍റെ ദുരവസ്ഥ നാട്ടുകാർ അറിയുന്നത്.
20 വർഷത്തോളമായി താമസിച്ചിരുന്ന ഇവരുടെ പഴയവീട് പൂർണമായും പൊളിച്ചുനീക്കി ഏകദേശം നാലര ലക്ഷത്തോളം രൂപ ചെലവിട്ടാണ് പുതിയ വീട് നിർമിച്ചിരിക്കുന്നത്. ജൂലൈ മാസത്തിൽ ആരംഭിച്ച വീടുപണി മൂന്ന് മാസം കൊണ്ട് പൂർത്തീകരിച്ച് പുതിയ വീടിന്‍റെ താക്കോൽ ബെന്നിയ്ക്കും കുടുംബത്തിനും കൈമാറി. സിജിമോൻ എബ്രാഹാം, ജയ്മോൻ മാത്യു, ബിജു ഇ ജോസഫ് എന്നിവർ ചേർന്നാണ് കോളജിലെ പൂർവ്വ വിദ്യാർഥികളെ പ്രതിനിധീകരിച്ച് താക്കോൽ കൈമാറിയത്. വീടിന് ആവശ്യമായ രേഖകൾ ഇല്ലെന്ന കാരണത്താൽ നിരവധി ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടെങ്കിലും പിന്നീട് ഇവരുടെ അവസ്ഥ മനസിലാക്കി വൈദ്യുതി സൗകര്യം അടക്കമുള്ളവ അധികൃതര്‍ ലഭ്യമാക്കി.