കൊച്ചി: ലക്ഷദ്വീപില്‍ കലക്‌ടറുടെ കോലം കത്തിച്ച് പ്രതിഷേധിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്‌തവർക്ക് ഇന്ന് തന്നെ ജാമ്യം നൽകണമെന്ന് ഹൈക്കോടതി. കിൽത്താൻ ദ്വീപില്‍ നടന്ന സമരത്തിൽ പങ്കെടുത്തവർക്ക് ജാമ്യം നിഷേധിച്ചതിനെതിരായ ഹര്‍ജിയിലാണ് കോടതി ഇടപെടൽ. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അമിനി ദ്വീപിലെ സി.ജെ.എം കോടതി ഇവരുടെ ജാമ്യാപേക്ഷ ഇന്ന് വൈകിട്ടു വീഡിയോ കോണ്‍ഫറന്‍സിലൂടെ പരിഗണിക്കാനും സംഭവത്തെക്കുറിച്ച് ലക്ഷദ്വീപ് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശിച്ചു.
ജാമ്യം ലഭിക്കാവുന്ന വകുപ്പായിരുന്നിട്ടും കലക്‌ടറുടെ കോലം കത്തിച്ചു പ്രതിഷേധിച്ച സംഭവത്തില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്‌ത് റിമാന്‍ഡ് ചെയ്‌തെന്നായിരുന്നു ഹര്‍ജിക്കാരനായ സയിദ് മുഹമ്മദ് കോയയുടെ വാദം. അഞ്ചു പേരില്‍ ഒരാള്‍ക്ക് കൊവിഡാണെന്നും വ്യക്തമാക്കി. തുടര്‍ന്ന് കിൽത്താൻ ദ്വീപിലെ മെഡിക്കല്‍ ഓഫീസര്‍ പ്രതികളെ പരിശോധിച്ച് ആരോഗ്യനില ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ പ്രതിഷേധ സമരം നടത്തിയവര്‍ക്ക് പൊലീസ് ജാമ്യം നല്‍കാന്‍ തയ്യാറായിരുന്നെങ്കിലും ഇവർ നിരസിക്കുകയായിരുന്നു.
also read: രണ്ടാം പിണറായി സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന്‍റെ ആദ്യ വോക്കൗട്ട്
കസ്റ്റഡിയില്‍ നിരാഹാര സമരം നടത്തിയ ഇവര്‍ ഇതു വീഡിയോയില്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്നും ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷന്‍ വിശദീകരിച്ചു. ഇവരെ പിന്നീട് മജിസ്ട്രേറ്റ് കോടതി ഏഴു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയാണുണ്ടായതെന്നും വ്യക്തമാക്കി. തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്ത ദിവസം, കുറ്റം തുടങ്ങിയവ വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയത്.