എറണാകുളം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ വിവാദ തീരുമാനങ്ങൾ ന്യായീകരിച്ച് ലക്ഷദ്വീപ് കലക്ടർ എസ്. അസ്കർ അലി. കൊച്ചിയിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് ദ്വീപിൽ നടപ്പിലാക്കുന്ന വിവാദ തീരുമാനങ്ങള്‍ കുറിച്ച് കലക്ടര്‍ ന്യായീകരിച്ചത്. ലക്ഷദ്വീപിലെ അനധികൃത കൈയേറ്റങ്ങളാണ് ഒഴിപ്പിച്ചത്. ഇത് മത്സ്യത്തൊഴിലാളികളോട് നേരത്തെ വ്യക്തമാക്കിയതാണ്. എന്നാൽ സ്ഥാപിത താത്പര്യക്കാരാണ് കുപ്രചരണത്തിന് പിന്നില്‍ - അസ്കര്‍ അലി പറഞ്ഞു.
ദ്വീപിനെതിരെ വ്യാജപ്രചാരണം ശക്തമെന്ന് കലക്ടര്‍
ലക്ഷദ്വീപിനെത്തിരെ ഇപ്പോള്‍ നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണെന്ന് കലക്‌ടർ അവകാശപ്പെട്ടു. നിലവിൽ രണ്ട് കുട്ടികളിൽ കൂടുതൽ ഉള്ളവർക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ വിലക്കില്ല. ലക്ഷദ്വീപിന് പുറത്താണ് ഇപ്പോൾ വ്യാപക വ്യാജ പ്രചാരണങ്ങൾ നടക്കുന്നത്. ലക്ഷദ്വീപിന്‍റെ വികസനത്തിനും പുരോഗതിക്കും വേണ്ടിയാണ് അഡ്മിനിസ്ട്രേഷൻ ശ്രമിക്കുന്നത്. നിലവിൽ മുഴുവൻ ദ്വീപ് നിവാസികൾക്കും നൽകാനുള്ള ആദ്യ ഡോസ് വാക്സീൻ എത്തിയിട്ടുണ്ട്. എത്രയും പെട്ടന്ന് വാക്സിൻ വിതരണം പൂർത്തിയാക്കുമെന്നും കലക്ടർ പറഞ്ഞു.
കുറ്റകൃത്യം കൂടിയെന്ന് അസ്കര്‍ അലി
ലക്ഷദ്വീപില്‍ മയക്കുമരുന്ന് കടത്ത് ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു. ഈയൊരു സാഹചര്യത്തിലാണ് ഗൂണ്ടാ നിയമം നടപ്പാക്കിയത്. മറ്റ് സംസ്ഥാനങ്ങളിലെ പോലെ തന്നെയാണ് ദ്വീപിലും ഗോവധ നിരോധനം നടപ്പിലാക്കിയത്. ലക്ഷദ്വീപിൽ ഇപ്പോൾ സമാധാനപരമായ അന്തരീക്ഷമാണുള്ളത്. അത് നിലനിർത്താനാണ് ശ്രമിക്കുന്നത്. നിയന്ത്രണങ്ങൾ പലതും അതിനു വേണ്ടിയാണന്നും കലക്ടർ ന്യായീകരിച്ചു.
ദ്വീപിലെ ജനങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ചാണ് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയത്. എല്ലാ കൊവിഡ് രോഗികൾക്കും ലക്ഷദ്വീപിൽ കൃത്യമായ പരിചരണം നൽകുന്നു. ദ്വീപിൽ കൂടുതൽ ലഭിക്കുന്ന വിഭവങ്ങളാണ് സ്കൂളുകളിൽ നൽകിയത്. ചിക്കനും ബീഫും സുലഭമല്ല. മീനും മുട്ടയും ദ്വീപിൽ ലഭിക്കും. ഇത് കർഷകർക്കു വേണ്ടിയാണ്.
ടൂറിസം മേഖലയിലെ കരാർ ജീവനക്കാരെ പിരിച്ചുവിട്ടത് ഓഫ് സീസണായതു കൊണ്ട്. എല്ലാ വർഷവും ഇത് നടക്കുന്നുണ്ട്. ഇപ്പോൾ അത് വിഷയമാക്കിതിനു പിന്നിൽ ചിലരുടെ താത്പര്യങ്ങളാണ്. എയർ ആംബുലൻസ് നടപടികൾ സുതാര്യമാക്കുകയാണ് ചെയ്തത്. ഏകജാലക സംവിധാനം നടപ്പാക്കി. ഒരു രോഗിക്കും ഇത് കൊണ്ട് ബുദ്ധിമുണ്ടാകില്ല. പല ദ്വീപുകളിലെയും റോഡുകൾ തകർന്നിരിക്കുകയാണ്. അതുകൊണ്ടാണ് പുനര്‍ നിർമിക്കുന്നതെന്നും കലക്ടര്‍ അവകാശപ്പെട്ടു.
സമൂഹമാധ്യമത്തിന് വിലക്കില്ല
പ്രതിഷേധങ്ങൾക്കു മുന്നിൽ ഭരണ സംവിധാനം നിശബദമായിട്ടില്ല. വിഷയങ്ങൾ പഠിച്ച് പ്രതികരിക്കുകയാണ്. ഒപ്പം ദ്വീപിലെ വികസന പ്രവർത്തനങ്ങൾ തുടരുന്നുമുണ്ട്. പ്രാദേശിക മാധ്യമങ്ങൾക്ക് ഒരു നിയന്ത്രണവും ദ്വീപിൽ ഏർപ്പെടുത്തിയട്ടില്ല. സോഷ്യൽ മീഡിയയേയും വിലക്കിയിട്ടില്ലന്നും കലക്ടർ അസ്കർ അലി അവകാശപ്പെട്ടു. അതേസമയം ലക്ഷദ്വീപ് നിവാസികൾ ഉന്നയിക്കുന്ന പല സംശയങ്ങളും മാധ്യമ പ്രവർത്തകർ ചോദിച്ചുവെങ്കിലും കലക്ടർ മറുപടി നൽകിയില്ല.
ദ്വീപ് നിവാസികളായ എത്രപേർ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടുവെന്ന കണക്ക് വിശദീകരിക്കാനും കലക്ടർക്ക് കഴിഞ്ഞില്ല. പ്രതിഷേധങ്ങൾക്കിടെ കനത്ത പൊലീസ് സുരക്ഷയിലായിരുന്നു കലക്ടറുടെ വാർത്താ സമ്മേളനം നടന്നത്.
പ്രതിഷേധം ശക്തമാക്കി സംഘടനകള്‍
ലക്ഷദ്വീപ് കലക്ടർ ക്കെതിരെ ശക്തമായ പ്രതിഷേധമാണ് എറണാകുളം പ്രസ്സ് ക്ലബ് പരിസരത്ത് അരങ്ങേറിയത്. ഡി.വൈ.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചു. എ .ഐ.വൈ.എഫ്, എൻ.വൈ.സി. സംഘടനകളും പ്രതിഷേധിച്ചു. വാർത്ത സമ്മേളനം പൂർത്തിയാക്കി മടങ്ങുമ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കലക്ടർക്കെതിരെ കരിങ്കൊടി കാണിച്ചു. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. പ്രതിഷേധവുമായെത്തിയ ഇരുപതോളം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.