എറണാകുളം: മഴ കുറഞ്ഞ സാഹചര്യത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ വിമാന സർവീസുകൾ പുനരാരംഭിക്കും. മഴ കുറയുകയും സമീപത്തെ ചെങ്കൽ തോടിൽ വെള്ളം താഴുകയും ചെയ്തതോടെയാണ് വിമാനത്താവളത്തിൽ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങിയത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ വിമാനത്താവളം തുറക്കുമെന്നായിരുന്നു നേരത്തേ അധികൃതര്‍ അറിയിച്ചത്. ഇന്നലെ വൈകുന്നേരം ചേർന്ന യോഗത്തിലാണ് മഴ കുറഞ്ഞ സാഹചര്യത്തിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തന്നെ വിമാനത്താവളം തുറക്കാമെന്ന് തീരുമാനമായത്.
വെള്ളം കയറിയതിനെ തുടർന്ന് കഴിഞ്ഞ എട്ടിന് രാത്രി മുതലാണ് വിമാനത്താവളം അടച്ചിട്ടത്. മഴ ശക്തമാവുകയും വിമാനത്താവളത്തിന് സമീപത്തെ പെരിയാറിന്റെ കൈവഴിയായ ചെങ്കൽ തോട് നിറഞ്ഞ് കവിയുകയും ചെയ്തതോടെ റൺവേയിലടക്കം വെള്ളം കയറുകയായിരുന്നു. ഇതേ തുടർന്ന് വ്യാഴാഴ്ച അർധരാത്രി വരെയാണ് ആദ്യഘട്ടത്തിൽ വിമാനസർവീസുകൾ നിർത്തിവച്ചത്. അതോടൊപ്പം കൊച്ചിയില്‍ ഇറങ്ങേണ്ട അന്താരാഷ്ട്ര സർവീസുകൾ തിരുവനന്തപുരം, കോഴിക്കോട്, ചെന്നൈ, മംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് തിരിച്ച് വിട്ടു. ആഭ്യന്തര സർവീസുകള്‍ പൂർണ്ണമായി നിർത്തിവയ്ക്കുകയും ചെയ്തു. ആറ് വിമാനങ്ങളാണ് നെടുമ്പാശേരി എയർപോർട്ടിൽ നിന്നും മറ്റ് വിമാനത്താവളങ്ങളിലേക്ക് മാറ്റിയത്. അതേസമയം കാലാവസ്ഥ പ്രതികൂലമാവുകയും പെരിയാർ കരകവിഞ്ഞ് ഒഴുകുകയും ചെയ്താൽ വീണ്ടും വിമാന സർവീസുകളെ ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.