എറണാകുളം : സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന സഹകരണ എക്സ്പോ 2022ന് ഇന്ന് ( 18.04.2022 ) വൈകിട്ട് തുടക്കമാകും. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ ചെണ്ട മേളത്തോടെയാണ് ആരംഭം. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന സഹകരണ എക്സ്പോയ്ക്ക് വേണ്ടി വിപുലമായ ഒരുക്കങ്ങളാണ് ഇതിനകം പൂർത്തിയാക്കിയത്.
സഹകരണ മേഖലയും ജനങ്ങളും തമ്മിലുളള ബന്ധം ഊട്ടിയുറപ്പിക്കുകയാണ് എക്സ്പോയുടെ ലക്ഷ്യമെന്ന് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ എം.ബിനോയ് കുമാർ പറഞ്ഞു. സഹകരണ മേഖലയിലുണ്ടായ മാറ്റം ജനങ്ങളിൽ എത്തിക്കാൻ ഈ പ്രവർത്തനം കൊണ്ട് കഴിയും. സഹകരണ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും മേളയിൽ നടക്കും.
പത്ത് ലക്ഷത്തോളം ആളുകൾ എക്സ്പോ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈകുന്നേരം എഴുമണിക്ക് സഹകരണ മന്ത്രി വി.എന്‍. വാസവന് അധ്യക്ഷനാകുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. സ്റ്റാളുകളുടെ ഉദ്ഘാടനം വ്യവസായ ന്ത്രി പി. രാജീവ് നിര്‍വഹിക്കും. മറൈന്‍ ഡ്രൈവില്‍ 60,000 ചതുരശ്ര അടിയില്‍ തീര്‍ത്ത പവലിയനില്‍ 210 സ്റ്റാളുകള്‍ പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുണ്ട്.
Also Read: സഹകരണ എക്സ്പോയ്ക്ക് ഏപ്രില്‍ 18 ന് മറൈൻ ഡ്രൈവിൽ തുടക്കം
സംസ്ഥാനത്തെ പ്രമുഖ സഹകരണ സ്ഥാപനങ്ങള്‍ അവരുടെ ഉത്പന്നങ്ങളും സേവനങ്ങളുമായി എക്സ്പോയില്‍ എത്തിയിട്ടുണ്ട്. 8000 ചതുരശ്ര അടിയില്‍ തീര്‍ത്ത ഫുഡ് കോര്‍ട്ടില്‍ രുചി വൈവിധ്യങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രദര്‍ശനങ്ങള്‍ക്കുള്ള പ്രവേശനം പൂര്‍ണമായും സൗജന്യമാണ്. രാവിലെ ഒമ്പതര മുതല്‍ രാത്രി 8.30 വരെയായിരിക്കും പ്രദര്‍ശന മേളയില്‍ പ്രവേശനം.
മേളയില്‍ ഡിസ്കൗണ്ട് നിരക്കില്‍ സഹകരണ സംഘങ്ങളുടെ ഉത്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് വാങ്ങാനും കഴിയും. മേളയുടെ ഭാഗമായി എല്ലാ ദിവസവും സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും. ഓരോ മേഖലയിലെയും വിദഗ്ധരുടെ പ്രബന്ധാവതരണവും വിദഗ്ധ പാനലുകളുടെ വിശകലനങ്ങളുമുണ്ടാകും.
വൈകുന്നേരങ്ങളില്‍ സഹകരണ എക്സ്പോയുടെ പ്രധാന വേദിയില്‍ കേരളത്തിലെ പ്രമുഖ കലാകാരന്മാരുടെ കലാ പ്രകടനങ്ങളുമുണ്ടാകും. ഏപ്രിൽ 25 ന് സഹകരണ എക്സ്പോ സമാപിക്കും.