എറണാകുളം: നവകേരള സദസിൽ പങ്കെടുക്കാൻ വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്‌ത് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. വാട്ടര്‍ മെട്രോയിലെ യാത്ര വ്യത്യസ്‌ത അനുഭവമാണ് നല്‍കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഉള്‍പ്പെടെ ഭൂരിപക്ഷം മന്ത്രിമാരും ആദ്യമായാണ് വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്‌തത് (Navakerala Sadas).
മന്ത്രിമാരായ പി.രാജീവ്, ആന്‍റണി രാജു എന്നിവര്‍ മാത്രമാണ് മുന്‍പ് യാത്ര ചെയ്‌തിട്ടുള്ളത്. 'നവകേരള സദസിന്‍റെ ഭാഗമായുള്ള നവകേരള യാത്ര എറണാകുളത്ത് നിന്ന് വൈപ്പിനിലേക്ക് കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്‌തത് തികച്ചും വ്യത്യസ്‌തമായ അനുഭവമായി. കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് ആശംസകള്‍...' യാത്രയ്ക്കിടയിൽ മുഖ്യമന്ത്രി സന്ദർശക ഡയറിയിൽ കുറിച്ചു (Navakerala Sadas Ernakulam).
വൈപ്പിന്‍ മണ്ഡലത്തിലെ നവകേരള സദസില്‍ പങ്കെടുക്കുന്നതിനാണ് വാട്ടര്‍ മെട്രോ ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ ടെര്‍മിനലില്‍ നിന്ന് വൈപ്പിന്‍ ടെര്‍മിനലിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്‌തത്. വാട്ടര്‍ മെട്രോയുടെ തൊപ്പിയണിഞ്ഞായിരുന്നു മന്ത്രിമാരുടെ വാട്ടർ മെട്രോ യാത്ര (KMRL). ആദ്യ യാത്ര മന്ത്രിമാര്‍ കാഴ്‌ചകൾ കണ്ടും സെൽഫിയെടുത്തും ആഘോഷമാക്കി. കലൂര്‍ ഐഎംഎ ഹൗസില്‍ നടന്ന യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്‌തത്.
വാട്ടര്‍ മെട്രോയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കെഎംആർഎൽ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. വാട്ടര്‍ മെട്രോയുടെ മാതൃക മന്ത്രിസഭയ്ക്ക് സമ്മാനിച്ചാണ് സംഘത്തെ വൈപ്പിനിലേക്ക് യാത്രയാക്കിയത്. സര്‍വീസ് ആരംഭിച്ച് 7 മാസത്തിനിടെ പന്ത്രണ്ടര ലക്ഷത്തിലധികം പേര്‍ കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്‌തു (CM Pinarayi Vijayan In Kochi Water Metro).
ലോകത്തിന് മുന്നില്‍ മറ്റൊരു കേരള മോഡലാണ് കൊച്ചി വാട്ടര്‍ മെട്രോയിലൂടെ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വച്ചത്. പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി വാട്ടര്‍ മെട്രോയുടെ ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകള്‍ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടി. നിലവില്‍ 12 ബോട്ടുകളുമായി ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ മുതല്‍ വൈപ്പിന്‍ വരെയും ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ മുതല്‍ ബോള്‍ഗാട്ടി വരെയും വൈറ്റില മുതല്‍ കാക്കനാട് വരെയുമാണ് സര്‍വീസ് നടത്തുന്നത് (Ministers In Kerala Traveled In Kochi Water Metro).
ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ നിന്ന് സൗത്ത് ചിറ്റൂരിലേക്കുള്ള സര്‍വീസ് ആരംഭിക്കാനിരിക്കുകയാണ്. ഇതിനായുള്ള സജ്ജീകരണങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി, മുളവുകാട് നോര്‍ത്ത്, വില്ലിംഗ്‌ടണ്‍ ഐലന്‍ഡ്, കുമ്പളം, കടമക്കുടി, പാലിയംതുരുത്ത് ടെര്‍മിനലുകളുടെയും നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ് (Kochi Water Metro).
കുറഞ്ഞ തുകയില്‍ സുരക്ഷിത യാത്രയാണ് കൊച്ചി വാട്ടര്‍ മെട്രോയുടെ ശീതീകരിച്ച ബോട്ടുകളില്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. കൊച്ചി മെട്രോ റെയിലിന് സമാനമായ എല്ലാ സൗകര്യങ്ങളും ലോകത്തിലെ തന്നെ ആദ്യ വാട്ടര്‍ മെട്രോ ആയ കൊച്ചി വാട്ടര്‍ മെട്രോയിലുണ്ട്. ബോട്ട് യാത്രയ്ക്കുള്ള മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയാണ്. സ്ഥിരം യാത്രികര്‍ക്കായി പ്രതിവാര, പ്രതിമാസ പാസുകളുമുണ്ട്. കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ച് കൊച്ചി മെട്രോ റെയിലിലും കൊച്ചി വാട്ടര്‍ മെട്രോയിലും യാത്ര ചെയ്യാന്‍ സാധിക്കും (Kochi Metro Rail).