എറണാകുളം: കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വഭേദഗതി നിയമത്തെക്കുറിച്ച് കേരളത്തിൽ തെറ്റായ പ്രചാരണങ്ങൾ നടക്കുന്നതായി ഹിന്ദു ഐക്യവേദി. പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന ഭരണഘടനാവിരുദ്ധമായ സർക്കാർ നിലപാട് വർഗീയ മുതലെടുപ്പിന് വേണ്ടിയുള്ളതാണെന്നും ബഹുഭൂരിപക്ഷം വരുന്ന പട്ടികജാതിയിൽപ്പെട്ട അഭയാർഥികൾക്കും ഈ നിയമം ഗുണകരമാകുമെന്നും ഹിന്ദു ഐക്യവേദി ഭാരവാഹികൾ പറഞ്ഞു. മുസ്ലീങ്ങളെ പുറത്താക്കാൻ വേണ്ടിയാണ് പൗരത്വ ഭേദഗതി നിയമം ലക്ഷ്യമാക്കുന്നതെന്ന തെറ്റായ പ്രചരണമാണ് ഇപ്പോൾ നടക്കുന്നത്.
പൗരത്വ ഭേദഗതി നിയമത്തിൻ്റെ അടിസ്ഥാനത്തിൽ കേരളത്തിലുള്ള 30 ലക്ഷത്തോളം വരുന്ന അനധികൃത കുടിയേറ്റക്കാരെ ഉടൻ പുറത്താക്കണമെന്നും കെ പി ശശികല ആവശ്യപ്പെട്ടു. നിയമത്തിൻ്റെ വസ്തുതകളെ കുറിച്ച് ജനങ്ങളെ അറിയിക്കുന്നതിനായി ജനുവരി ഒന്നു മുതൽ പത്തു വരെ സംസ്ഥാനത്ത് ഹിന്ദുഐക്യവേദി താലൂക്ക് തലത്തിൽ വിശദീകരണ സമ്മേളനങ്ങളും പ്രചരണങ്ങളും സംഘടിപ്പിക്കുമെന്നും ഇത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇരുപത്തിയഞ്ചാം തീയതി താനൂരിൽ സംസ്ഥാന സമിതി യോഗം ചേരുമെന്നും ഹിന്ദു ഐക്യവേദി അധ്യക്ഷ വ്യക്തമാക്കി.