എറണാകുളം: അന്തരിച്ച സിനിമ-സീരിയൽ താരം സുബി സുരേഷിന്‍റെ സംസ്‌കാരം നാളെ വൈകിട്ട് ചേരാനല്ലൂർ പൊതുശ്‌മശാനത്തിൽ. ആലുവയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ എട്ട് മണിക്ക് വരാപ്പുഴയിലെ വീട്ടിൽ എത്തിക്കും. തുടർന്ന് പുത്തൻപള്ളി പാരിഷ് ഹാളിൽ മൃതദേഹം പൊതു ദർശനത്തിന് വയ്‌ക്കും.
പത്ത് മണി മുതൽ മൂന്ന് മണി വരെയാണ് പൊതുദർശനം നിശ്ചയിച്ചിരിക്കുന്നത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് രണ്ടാഴ്‌ചയായി ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സുബി. രാവിലെ ഒമ്പതരയോടെയാണ് അന്ത്യം സംഭവിച്ചത്.
Also Read: നടി സുബി സുരേഷ് അന്തരിച്ചു
കരൾ രോഗം ഗുരുതരമായതിനെ തുടർന്നായിരുന്നു സുബി സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരൾമാറ്റ ശസ്‌ത്രക്രിയക്ക് വേണ്ടിയുള്ള ശ്രമം നടന്നുവരികയായിരുന്നു. കരൾ ദാതാവിനെ കണ്ടെത്തുകയും ചെയ്‌തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ആരോഗ്യ സ്ഥിതി വഷളാവുകയും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു.
ഇതോടെയാണ് കരൾ മാറ്റ ശസ്‌ത്രക്രിയ നടത്തി ജീവിതത്തിലേക് തിരിച്ചെത്തിക്കാനുളള ശ്രമം വിഫലമായത്. സുബി സുരേഷിന്‍റെ വിയോഗത്തിൽ വ്യവസായ മന്ത്രി പി രാജീവ് അനുശോചനം രേഖപ്പെടുത്തി. ടെലിവിഷൻ പരിപാടികളിലും മിമിക്രി പരിപാടികളിലും മികച്ചുനിന്ന സുബി സുരേഷ് കുടുംബ പ്രേക്ഷകർക്കും കുട്ടികൾക്കും പ്രിയപ്പെട്ട ഒരാളായിരുന്നു എന്ന് മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഒരുപാട് പരിമിത സാഹചര്യങ്ങളിൽ നിന്ന് സ്വയം കഠിനാധ്വാനത്തിലൂടെ ഉയരങ്ങൾ കീഴടക്കിയ അവരുടെ പോരാട്ടവീര്യം ആദരവോടെ തന്നെ അംഗീകരിക്കപ്പെടണം. എല്ലാ പ്രായക്കാരുമായും പെട്ടെന്ന് ഇണങ്ങാനും അവരില്‍ എല്ലാം പോസിറ്റീവായ ഒരു എനർജി പകരാനും സുബി സുരേഷിന് കഴിഞ്ഞിരുന്നു. ഊർജവും പ്രസരിപ്പും നിറഞ്ഞ അവരുടെ അവതരണം ഒരിക്കലെങ്കിലും കണ്ട മലയാളികൾ അവരെ ഓർക്കുകതന്നെ ചെയ്യും.
സുബി സുരേഷിന്‍റെ മരണത്തിൽ ബന്ധുമിത്രാദികളുടെയും സിനിമ-ടെലിവിഷൻ ലോകത്തിന്‍റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ആദരാഞ്ജലി അർപ്പിക്കുന്നതായും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി വി എന്‍ വാസവന്‍, നടന്‍മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.