എറണാകുളം: പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യാക്കോബായ സഭയുടെ നേതൃത്വത്തിൽ ആലുവ എസ്‌പി ഓഫീസിലേക്ക് മാർച്ച് നടത്തി. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുമ്പിൽ പൊലീസ് മാര്‍ച്ച് തടഞ്ഞു. ആലുവ ടൗൺഹാൾ പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ചിൽ സഭാ മെത്രാപൊലീത്തമാരും വൈദികരും നിരവധി വിശ്വാസികളും പങ്കെടുത്തു.
യാക്കോബായ സഭയ്ക്ക് നീതി നിഷേധിക്കപ്പെട്ടതായി സംസ്ഥാന സർക്കാരിന് ബോധ്യമുണ്ടെന്നും എന്നാൽ ചില പൊലീസ് ഉദ്യോഗസ്ഥർ പക്ഷപാതപരമായി പെരുമാറുകയാണെന്നും മാർച്ചിനെ അഭിസംബോധന ചെയ്ത യാക്കോബായ സഭാമെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രോഗോറിയോസ് പറഞ്ഞു. യാക്കോബായ സഭക്ക് നീതി നിഷേധിക്കുന്നതിനെതിരെ തുടർ സമരങ്ങൾ വരും ദിവസങ്ങളിൽ ആരംഭിക്കുമെന്ന് സഭാ നേതൃത്വം പ്രഖ്യാപിച്ചു.
മാർച്ച് രണ്ട് മുതൽ ഹൈക്കോടതിക്ക് സമീപം പ്രാർത്ഥനാ യജ്ഞം സംഘടിപ്പിക്കും. പൊലീസ് പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് ആലുവ എസ്‌പിക്ക് സഭാ നേതൃത്വം പരാതിയും നൽകി. അതേസമയം എറണാകുളം വെട്ടിത്തറ സെന്‍റ് മേരീസ് പള്ളിയിൽ പൊലീസ് സുരക്ഷയോടെ ഓർത്തഡോക്സ് വിഭാഗം പ്രവേശിച്ചു. സുപ്രീം കോടതി വിധി രണ്ട് ദിവസത്തിനുള്ളിൽ നടപ്പിലാക്കണമെന്നും പൊലീസ് സുരക്ഷ ഒരുക്കണമെന്നും കഴിഞ്ഞ ദിവസം ജില്ലാ കോടതി ഉത്തരവിട്ടിരുന്നു. യാക്കോബായ സഭാ വിശ്വാസികൾ എതിർപ്പുമായി എത്തിയെങ്കിലും പൊലീസ് തടയുകയായിരുന്നു.