എറണാകുളം: കളമശേരി മെഡിക്കൽ കോളജിലെ താത്‌കാലിക ജീവനക്കാരനായ അഡ്‌മിനിസ്‌ട്രേറ്റീവ് അസിസ്‌റ്റന്‍റ് അനിൽകുമാർ വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് നിർമിച്ച കേസിൽ അന്വേഷണവുമായി ചൈൽഡ് വെൽഫെയർ കമ്മിറ്റി. തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതിമാർ ദത്തെടുത്ത കുഞ്ഞിന് വേണ്ടിയാണ് അനിൽകുമാർ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചത്. കേസിൽ കുഞ്ഞിനെ ഹാജരാക്കാൻ ചൈൽഡ് വെൽഫയർ കമ്മിറ്റി (സിഡബ്ല്യുസി) ഉത്തരവിട്ടു.
തൃപ്പൂണിത്തുറ സ്വദേശികൾ കുഞ്ഞിനെ ദത്തെടുത്തത് നിയമവിരുദ്ധമായാണെന്ന് കണ്ടെത്തിയതോടെയാണ് നടപടി. കുഞ്ഞിന്‍റെ യഥാർഥ മാതാപിതാക്കളെ കണ്ടെത്താനും സിഡബ്ല്യുസി പൊലീസിന് നിർദേശം നൽകി. കുഞ്ഞിനെ ഏറ്റെടുക്കാൻ മാതാപിതാക്കൾ തയ്യാറെല്ലങ്കിൽ കുഞ്ഞിന്‍റെ സംരക്ഷണം ഏറ്റെടുക്കുമെന്നും സിഡബ്ല്യുസി അറിയിച്ചു.
അതേ സമയം പ്രതി അനിൽകുമാർ മുൻകൂർജാമ്യം തേടി ജില്ല സെഷൻസ് കോടതിയെ സമീപിച്ചു. ജാമ്യ ഹർജി ഇന്ന് കോടതി പരിഗണിക്കും. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 420, 468, 506 വകുപ്പുകൾ ചേർത്താണ് പ്രതിക്കെതിരെ കളമശേരി പൊലീസ് കേസെടുത്തത്. ആശുപത്രി സുപ്രണ്ടിന്‍റെ നിർദേശപ്രകാരമാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചതെന്ന് ഒളിവിൽ പോയ പ്രതി അനിൽകുമാർ ആരോപണം ഉന്നയിച്ചിരുന്നു.
എന്നാൽ കേസിൽ നിന്ന് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി സുപ്രണ്ടിന്‍റെ മുറിയിലെത്തി അനിൽകുമാർ ആവശ്യപ്പെടുന്നതിന്‍റെയും സുപ്രണ്ട് ഗണേഷ് മോഹനൻ ഇയാളെ പുറത്താക്കുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങളും ആശുപത്രി കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഫെബ്രുവരി ഒന്നാം തീയതി കളമശേരി മെഡിക്കൽ കോളേജ് അഡ്‌മിനിസ്‌ട്രേറ്റീവ് അസിസ്‌റ്റന്‍റ് അനിൽകുമാർ തൃപ്പൂണിത്തുറ സ്വദേശികളായ സുനിത, അനൂപ് ദമ്പതിമാർക്ക് പെൺകുട്ടി ജനിച്ചതായി വ്യാജ സർട്ടിഫിക്കറ്റ് നിർമിക്കുകയായിരുന്നു.
ജനന സർട്ടിഫിക്കറ്റ് നൽകുന്ന ചുമതലയിലുണ്ടായിരുന്ന നഗരസഭ ജീവനക്കാരി അറിയാതെ ഈ സർട്ടിഫിക്കറ്റ് രജിസ്റ്ററ്ററിൽ തിരുകി കയറ്റുകയും ചെയ്‌തു. ജീവനക്കാരി രഹന ഈ സർട്ടിഫിക്കറ്റ് കണ്ടെത്തുകയും സംശയം ഉന്നയിക്കുകയും ചെയ്‌തുവെങ്കിലും വ്യാജ സർട്ടിഫിക്കറ്റ് രജിസ്റ്റർ ചെയ്യാൻ പ്രതി അനിൽകുമാർ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് ജീവനക്കാരിയുടെ പരാതിയിൽ പൊലീസ് അന്വേഷണവും തുടരുകയാണ്.