കൊച്ചി : പതിനഞ്ച് ദിവസം മാത്രമുള്ള കുഞ്ഞിന് വേണ്ടത് അടിയന്തര ശസ്ത്രക്രിയ. ഓരോ നിമിഷവും അതി പ്രധാനം. മംഗലാപുരത്തെ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം ശ്രീചിത്രയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശം. ഒരേ മനസോടെ കേരളം ഒന്നിച്ചപ്പോൾ പിഞ്ചുകുഞ്ഞിന്‍റെ ജീവന് വേണ്ടി ദൂരവും വേഗവും വഴി മാറി നിന്ന കാഴ്ചയാണ് കണ്ടത്. തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നതിന് പകരം എറണാകുളം അമൃത ആശുപത്രിയിലേക്ക് ചികിത്സ മാറ്റാൻ സംസ്ഥാന സർക്കാർ നിർദ്ദേശിച്ചതോടെ കാര്യങ്ങൾ അതിവേഗത്തിലായി. അഞ്ചര മണിക്കൂർ കൊണ്ട് 400 കിലോമീറ്റർ സഞ്ചരിച്ച് ആംബുലൻസ് കൊച്ചിയിലെത്തി. വഴിയിലുടനീളം നാട്ടുകാരുടെയും ജനങ്ങളുടെയും സഹകരണം ഉണ്ടായിരുന്നു എന്ന് ആംബുലൻസ് ഡ്രൈവർ ഉദുമ സ്വദേശി ഹസൻ പറയുമ്പോൾ ഒരു ജീവശ്വാസം തിരിച്ചു നല്‍കുന്നതിന്‍റെ ഹൃദയ സ്പർശം ഉണ്ടായിരുന്നു.
15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ രക്ഷിക്കാൻ ആംബുലൻസ് മിഷനുമായി കേരള ചൈല്‍ഡ് പ്രൊട്ടക്‌ഷന്‍ ടീം ഇന്ന് രാവിലെയാണ് ഫേസ് ബുക്കില്‍ പോസ്റ്റിട്ടത്. അതിന് പിന്തുണയുമായി ദേശീയ പാതയിലുടനീളം പൊലീസും നാട്ടുകാരും ഉണ്ടായിരുന്നു. അമൃത ആശുപത്രി അധികൃതരുമായി സംസാരിച്ച ശേഷം കുട്ടിയുടെ ചികിത്സാ ചെലവുകൾ സർക്കാർ ഏറ്റെടുക്കും എന്ന ആരോഗ്യമന്ത്രി കെകെ ശൈലജയുടെ പ്രസ്താവന കൂടി എത്തിയതോടെ കാര്യങ്ങൾ കൂടുതല്‍ വേഗത്തിലായി.
കാസർകോട് സ്വദേശികളായ സാനിയ - മിതാഹ് ദമ്പതികളുടെ കുട്ടിയെയാണ് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചത്. കുട്ടിയുടെ ആരോഗ്യ നില അതീവ ഗുരുതരം എന്നും തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്നും 24 മണിക്കൂർ നിരീക്ഷണത്തിന് ശേഷം ശസ്ത്രക്രിയ നടത്തുമെന്നും അമൃതയിലെ ഡോക്ടർമാർ അറിയിച്ചു.