കൊച്ചി: കടൽക്ഷോഭം കാരണം പ്രതിസന്ധിയിലായ ചെല്ലാനത്തിന്‍റെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനായി നടപ്പിലാക്കുന്ന പദ്ധതിയുടെ അന്തിമ പദ്ധതി രേഖ സർക്കാരിന് സമർപ്പിച്ചു. കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയും (കുഫോസ്) കേരള സ്റ്റേറ്റ് കോസ്‌റ്റൽ ഡെവലപ്‌മെന്‍റ് കോർപറേഷനും (കെ.എസ്.സി.എ.ഡി.സി) സംയുക്തമായാണ് പദ്ധതി രേഖ തയ്യാറാക്കിയത്. 941 കോടി രൂപയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളാണ് പദ്ധതിയിലുള്ളത്.
രണ്ട് മുതൽ മൂന്ന് വർഷത്തിനുള്ളിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാകും. കുഫോസിൽ നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി.രാജീവിന്‍റെയും ഫിഷറീസ് മന്ത്രി വി.അബ്‌ദുറഹിമാന്‍റെയും സാന്നിധ്യത്തിൽ കെ.എസ്.സി.എ.ഡി.സി മാനേജിങ് ഡയറക്‌ടർ ഷേക്ക് പരീതും കുഫോസ് വൈസ് ചാൻസലർ കെ.റിജി ജോണും സംയുക്തമായി അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. സർക്കാരിന് വേണ്ടി ഫിഷറീസ് ഡയറക്‌ടർ ഡോ.അദീല അബ്‌ദുള്ള പദ്ധതി രേഖ ഏറ്റുവാങ്ങി.
കെ.ജെ.മാക്‌സി എം.എൽ.എ, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബേബി തമ്പി, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്‍റ് കെ.എൽ.ജോസഫ്, കുഫോസ് രജിസ്‌ട്രാർ ഡോ.ബി.മനോജ് കുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ചെല്ലാനം തീരപ്രദേശത്ത് മാതൃക മത്സ്യഗ്രാമം പദ്ധതിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഇപ്പോൾ ശക്തമായ കാലവർഷത്തിനിടയിലും കടൽക്ഷോഭത്തെ പേടിക്കാതെ ചെല്ലാനത്ത് ജീവിക്കാം എന്ന നിലയിലായിട്ടുണ്ടെന്നും ചടങ്ങ് ഉദ്‌ഘാടനം ചെയ്‌ത മന്ത്രി പി.രാജീവ് പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ ഇച്ഛാശക്തിയുടെ പ്രതിഫലനം ആണിത്.
സംസ്ഥാനത്തെ പരിസ്ഥിതി ലോല തീരദേശങ്ങളുടെ പുനനിർമാണ പ്രവർത്തനങ്ങൾക്കായി 5400 കോടി രൂപയുടെ പദ്ധതികളാണ് സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്നത്. ചെല്ലാനം മാതൃക മത്സ്യഗ്രാമം പദ്ധതി ഇതിന്‍റെ പൈലറ്റ് പദ്ധതിയാണെന്നും മന്ത്രി രാജീവ് പറഞ്ഞു. ഫിഷറീസ് മന്ത്രി വി. വി.അബ്‌ദുറഹിമാൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.