കൊച്ചി: അരൂജാസ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ കഴിയാത്തതുമായി ബന്ധപ്പെട്ട കേസില്‍ സിബിഎസ്‌ഇയെ വിമര്‍ശിച്ച് ഹൈക്കോടതി. സിബിഎസ്ഇ കുറച്ചെങ്കിലും ഉത്തരവാദിത്തം കാണിച്ചിരുന്നെങ്കില്‍ കുട്ടികൾക്ക് ഈ ഗതി വരില്ലായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസില്‍ സിബിഎസ്ഇ ചെയര്‍മാന്‍ നേരിട്ട് ഹാജരാകുന്നതാവും ഉചിതമെന്ന് കോടതി വ്യക്തമാക്കി. സിബിഎസ്ഇ റീജിയണൽ ഡയറക്‌ടർ ഇന്ന് ഹൈക്കോടതിയില്‍ ഹാജരായിരുന്നു.
സിബിഎസ്‌ഇയുടെ മൗനം കാര്യങ്ങൾ വഷളാക്കി. നാട് മുഴുവന്‍ സ്‌കൂളുകൾ അനുവദിക്കുന്ന സിബിഎസ്‌ഇ അനധികൃത സ്‌കൂളുകൾക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും കോടതി ചോദിച്ചു. ഈയൊരു സാഹചര്യമാണ് ലാഭം മാത്രം ലക്ഷ്യമിടുന്നവർ മുതലെടുക്കുന്നത്. സിബിഎസ്ഇയുടെ ഈ സമീപനം അംഗീകരിക്കാനാവില്ല. വിദ്യാർഥികളുടെ ഭാവിയെ കുറിച്ച് ഓർക്കണമെന്നും കോടതി മുന്നറിയിപ്പ് നൽകി. കേസിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും സിബിഎസ്ഇക്ക് ഹൈക്കോടതി നിർദേശം നൽകി. സിബിഎസ്‌ഇക്ക് നൽകുന്ന അവസാന താക്കീതായിരിക്കും ഇതെന്നും കോടതി ഓർമപ്പെടുത്തി. വിദ്യാർഥികളുടെ ഒരു വർഷം നഷ്‌ടപ്പെടാതിരിക്കാൻ എന്തുചെയ്യാൻ കഴിയുമെന്ന് സർക്കാർ അറിയിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
കുട്ടികളെ പത്താം ക്ലാസ് പരീക്ഷ എഴുതിക്കണമെന്ന് ആവശ്യപ്പെട്ട് മാനേജ്മെന്‍റ് നൽകിയ ഹർജിയിലാണ് സിബിഎസ്ഇക്കെതിരെ കോടതി ആഞ്ഞടിച്ചത്. സിബിഎസ്ഇയെ എതിർ കക്ഷിയാക്കിയാണ് മാനേജ്മെന്‍റ് ഹർജി നൽകിയതെങ്കിലും പൊതുവിദ്യാഭ്യാസ സെക്രട്ടറിയെയും പൊലീസിനെയും കോടതി കക്ഷി ചേർത്തിരുന്നു. കേസ് അടുത്ത ബുധനാഴ്‌ച പരിഗണിക്കുന്നതിനായി മാറ്റി. അംഗീകാരമില്ലാത്തതിനാല്‍ അരൂജാസ് സ്‌കൂളിലെ 29 വിദ്യാര്‍ഥികള്‍ക്കാണ് പത്താം ക്ലാസ് പരീക്ഷ എഴുതാൻ കഴിയാതിരുന്നത്. മുന്‍വര്‍ഷങ്ങളില്‍ ഈ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ മറ്റ് പരീക്ഷാകേന്ദ്രങ്ങളില്‍ പരീക്ഷ എഴുതിയിരുന്നു.