എറണാകുളം : സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ സിബിഐ സംഘം ആദ്യദിനം ചോദ്യം ചെയ്യുന്നത് പൂർത്തിയായി. കൊച്ചിയിലെ സി ബി ഐ ഓഫിസിൽവച്ചായിരുന്നു മൊഴിയെടുക്കല്‍. വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട കേസിലാണ് സി ബി ഐ സ്വപ്‌നയെ ചോദ്യം ചെയ്തത്.
ഈ മാസം 21ന് വീണ്ടും ഹാജരാകണമെന്ന് നിർദേശിച്ചിട്ടുണ്ട്. ലൈഫ് മിഷൻ ഇടപാടിലെ കമ്മിഷൻ വിവരങ്ങളാണ് സി ബി ഐ ചോദിച്ചതെന്ന് സ്വപ്‌ന വ്യക്തമാക്കി. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി സന്തോഷ് ഈപ്പന് നൽകണമെന്ന് തീരുമാനിച്ചത് ക്ലിഫ് ഹൗസിൽ നടന്ന ചർച്ചയ്ക്ക് ഒടുവിലാണ്. സെക്രട്ടേറിയറ്റിൽ എം ഒ യു ഒപ്പിട്ടെങ്കിലും തീരുമാനം എടുത്തത് ക്ലിഫ് ഹൗസിൽവച്ചാണെന്നും സ്വപ്ന ആരോപിച്ചു.
മുഖ്യമന്ത്രി, കോൺസൽ ജനറൽ,എം ശിവശങ്കർ എന്നിവർ ഉണ്ടായിരുന്നു. ഇതിനുശേഷമാണ് നിർമാണ ചുമതല യൂണിടാക്കിന് നൽകിയത്. സെക്രട്ടേറിയറ്റിൽ എടുത്ത തീരുമാനങ്ങൾ ക്ലിഫ് ഹൗസിൽ വച്ച് മാറ്റുകയായിരുന്നു. തന്‍റെ സാന്നിധ്യത്തിലാണ് ചർച്ചകൾ നടന്നത്. തൻ്റെ ലോക്കറിൽ ഉണ്ടായിരുന്ന ഒരു കോടി രൂപ ശിവശങ്കറിൻ്റെ കമ്മിഷൻ പണമാണെന്നും സ്വപ്‌ന പറഞ്ഞു.
സ്വപ്ന സുരേഷിനെ സി ബി ഐ ആദ്യമായാണ് ചോദ്യം ചെയ്യുന്നത്. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് സ്വപ്‌ന സുരേഷ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിനെ സി ബി ഐ കഴിഞ്ഞ മാസം ചോദ്യംചെയ്തിരുന്നു.
Also Read: 'ഗൂഢാലോചനക്കേസുകള്‍ റദ്ദാക്കണം' ; സ്വപ്നയുടെ ഹര്‍ജി അടുത്തയാഴ്‌ചത്തേക്ക് മാറ്റി ഹൈക്കോടതി
ഇതിന്‍റെ തുടർച്ചയായാണ് സ്വപ്‌നയേയും ചോദ്യം ചെയ്തത്. സ്വർണക്കടത്ത് കേസിലെ മറ്റ് പ്രതികളായ എം. ശിവശങ്കർ, സന്ദീപ് നായർ എന്നിവരെയും സി ബി ഐ ചോദ്യം ചെയ്തേക്കും. ഇതോടെ ഒരു ഇടവേളയ്ക്ക് ശേഷം ലൈഫ് മിഷൻ കേസ് വീണ്ടും സജീവമാകുകയാണ്. ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4.48 കോടി കമ്മിഷനായി നൽകിയെന്ന് കേസിൽ അറസ്റ്റിലായ യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ സി ബി ഐക്ക് മൊഴി നൽകിയിരുന്നു.
യു.എ.ഇ കോൺസുലേറ്റിലെ അക്കൗണ്ട്സ് ഓഫിസറായിരുന്ന ഈജിപ്ഷ്യൻ പൗരൻ ഖാലിദിനാണ് തുക നൽകിയെന്നാണ് സന്തോഷ് ഈപ്പൻ വ്യക്തമാക്കിയത്. ലൈഫ് മിഷൻ കേസിൽ വിജിലൻസ് അന്വേഷണം ചൂണ്ടിക്കാണിച്ച് സി ബി ഐ അന്വേഷണത്തെ ശക്തമായി സർക്കാർ എതിർത്തിരുന്നു. എന്നാൽ സി ബി ഐ അന്വേഷണം തുടരാൻ കോടതി അനുമതി നൽകി.
ലൈഫ് മിഷന്‍റെ ഫ്ലാറ്റ് സമുച്ചയം നിർമിക്കാൻ ചട്ടം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചു, നിർമാണ കരാർ യൂണിടാക്കിന് നൽകിയതിൽ അഴിമതി നടന്നു തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് മുൻ എം എൽ എ അനിൽ അക്കര നൽകിയ പരാതിയിലാണ് സി ബി ഐ കേസ് എടുത്ത് അന്വേഷണം തുടങ്ങിയത്.