എറണാകുളം: സംസ്ഥാനത്തെ റോഡുകളിൽ അനധികൃതമായി ഫ്ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ നിർദേശം നൽകിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എല്ലാ പോലീസ് സ്റ്റേഷനുകൾക്കും ഡി.ജി.പി ഇത് സംബന്ധിച്ച നിർദേശം നൽകി. ഫ്ലക്‌സ് ബോർഡുകൾ നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയതായി റോഡ് സുരക്ഷാ കമ്മീഷണറും കോടതിയെ അറിയിച്ചു. ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കുന്നതും ശ്രദ്ധ തിരിക്കുന്നതുമായ വലിയ പരസ്യ ബോര്‍ഡുകളും കൊടിതോരണങ്ങളുമെല്ലാം രണ്ടു മാസത്തിനകം പൂര്‍ണമായും നീക്കം ചെയ്യണമെന്നാണ് റോഡ് സുരക്ഷാ കമ്മീഷണര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. റോഡുകളിൽ ഫ്ലക്‌സുകള്‍ സ്ഥാപിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
ഫ്ലക്‌സുകള്‍ വ്യാപകമായിട്ടുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയപ്പോള്‍ അധികാരം ഇല്ലാതെ നിയമം നടപ്പാക്കാന്‍ എങ്ങനെ സാധിക്കുമെന്നായിരുന്നു സർക്കാർ കോടതിയോട് ചോദിച്ചത്. റോഡ് സുരക്ഷാ അതോറിറ്റിക്കാണ് നിയമം നടപ്പാക്കാന്‍ കൃത്യമായ അധികാരമുള്ളതെന്നും സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കേസെടുക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് കോടതി ചൂണ്ടിക്കാണിച്ചിരുന്നു. നിയമം ലംഘിക്കുന്നവരെ പിടിക്കാന്‍ വകുപ്പില്ലെന്നാണോ പറയുന്നതെന്ന വിമർശനവും കോടതി ഉന്നയിച്ചിരുന്നു. ഇതേ തുടർന്നാണ് റോഡില്‍ ഫ്ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ കേസെടുക്കണമെന്ന് ഡിജിപി സർക്കുലർ ഇറക്കിയത്.