എറണാകുളം: ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിനെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തു. കള്ളക്കേസെടുക്കാൻ വീണ ജോര്‍ജ് ഗൂഢാലോചന നടത്തിയെന്നും ഈ കേസിൽ പൊലീസിനെ സ്വാധീനിച്ചെന്നും ആരോപിച്ച് 'ക്രൈം' പത്രാധിപർ ടി.പി നന്ദകുമാർ നൽകിയ പരാതിയിലാണ് കേസ്.
തന്‍റെ പരാതിയില്‍ പൊലീസ് കേസെടുക്കാൻ തയാറാകുന്നില്ലെന്ന് ചൂണ്ടി കാണിച്ച് നന്ദകുമാര്‍ എറണാകുളം എ.സി.ജെ.എം കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കോടതി നിർദേശപ്രകാരമാണ് മന്ത്രി അടക്കം എട്ട് പേര്‍ക്കെതിരെ കേസെടുത്തത്. ഈ കേസിൽ മന്ത്രിയെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്‌തത്.
![Case against Veena George Case against Veena George Crime Nandakumar Crime Nandakumar complaint against Veena George വീണ ജോർജിനെതിരെ കേസ് വീണ ജോർജിനെതിരെ ക്രൈം നന്ദകുമാർ ക്രൈം നന്ദകുമാർ ക്രൈം നന്ദകുമാർ പരാതി ആരോഗ്യ വകുപ്പ് മന്ത്രി എറണാകുളം നോര്‍ത്ത് പൊലീസ് ക്രൈം പത്രാധിപർ ക്രൈം പത്രാധിപർ ടിപി നന്ദകുമാർ](https://etvbharatimages.akamaized.net/etvbharat/prod-images/16705327_gd.jpg)
നേരത്തെ വീണ ജോർജിനെ അപകീര്‍ത്തിപ്പെടുത്താൻ ശ്രമിച്ചു, വീണ ജോർജിന്‍റെ അശ്ലീല ദൃശ്യങ്ങൾ വ്യാജമായി നിർമിക്കാൻ സ്വന്തം ഉടമസ്ഥതയിലുള്ള ഓൺലൈൻ സ്ഥാപനത്തിലെ ജീവനക്കാരിയെ നിർബന്ധിച്ചു, അതിന് വഴങ്ങാത്തതിന് അധിക്ഷേപിച്ചു എന്ന് ആരോപിച്ച് ജീവനക്കാരി നൽകിയ പരാതിയിൽ നന്ദകുമാറിനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. 34 ദിവസം ജയിലിൽ കിടന്ന ശേഷമായിരുന്നു ഹൈക്കോടതി നന്ദകുമാറിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എറണാകുളം നോർത്ത് പൊലീസിലാണ് ജീവനക്കാരി പരാതി നൽകിയിരുന്നത്.
എന്നാൽ ഈ പരാതി കള്ള പരാതിയാണെന്നും, ജീവനക്കാരിയുടെ പരാതിക്ക് പിന്നിൽ മന്ത്രി വീണ ജോർജാണെന്നുമാണ് നന്ദകുമാറിന്‍റെ ആരോപണം.