എറണാകുളം തമ്മനത്ത് വിദ്യാർത്ഥികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നും ലഹരി ഉൽപ്പന്നങ്ങൾ പിടികൂടി. കോഴിക്കോട് ജില്ലക്കാരായ ഷഹാൽ മാലിക്, മുഹമ്മദ് റായീസ്, ഷഫാസ് അഷറഫ് എന്നിവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം എക്സൈസ് ഇൻസ്പെക്ടർ കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരി ഉൽപ്പന്നങ്ങൾപിടികൂടിയത്.
ബാംഗ്ലൂരിൽ നിന്നുമെത്തിക്കുന്ന എം.ഡി.എം.എയും, ഹാഷിഷ് ഓയിലും, കഞ്ചാവും എറണാകുളം കേന്ദ്രീകരിച്ച് വിദ്യാർഥികൾക്കും, ഐ.ടി സെക്ടറിൽ ജോലി നോക്കുന്നവർക്കും വിൽപന നടത്തുകയാണ് ഇവർ ചെയ്തിരുന്നത്. കഞ്ചാവ് മൊത്തമായി വാങ്ങി കൊണ്ടു വന്ന് 10 ഗ്രാമിന്‍റെചെറു പൊതികളാക്കി പൊതി ഒന്നിന് 500 രൂപ നിരക്കിലാണ് വിൽപ്പന നടത്തിയിരുന്നത്. കൂടാതെ അരഗ്രാം എം.ഡി.എം.എ 5000 രൂപ നിരക്കിലും 3 ഗ്രാം ഹാഷിഷ് 3000 രൂപ നിരക്കിലുമാണ് പ്രതികൾ വിൽപന നടത്തിവന്നിരുന്നതെന്നും എറണാകുളം എക്സൈസ് ഇൻസ്പെക്ടർ ടിജി കൃഷ്ണകുമാർ പറഞ്ഞു.