എറണാകുളം: തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്ത് കൊച്ചിയിലെ സ്ഥാനാർഥികൾ.തെരഞ്ഞെടുപ്പിന്‍റെ പിറ്റേന്നുതന്നെ തൃക്കാക്കര നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പിടി തോമസും, കളമശ്ശേരി ഇടതുമുന്നണി സ്ഥാനാർഥി പി രാജീവുമാണ് പ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഹരിതചട്ടം പാലിച്ചാണ് ഒരു ദിനം പോലും വൈകാതെ തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ നീക്കിയത്. പനമ്പള്ളി നഗറിലെ ബോര്‍ഡുകള്‍ അഴിച്ചു മാറ്റി സ്ഥാനാര്‍ഥി പിടി തോമസാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടെടുപ്പിനുശേഷം പിടി തോമസ് പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തിരുന്നു.
തുടര്‍ന്ന് കളമശ്ശേരി മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യാന്‍ പ്രവര്‍ത്തകരോടൊപ്പം പി രാജീവും രംഗത്തിറങ്ങി. പേപ്പര്‍ നിര്‍മിത സാമഗ്രികള്‍ റീസൈക്ക്ലിങ്ങിനും കത്തിക്കാനും മാറ്റി. ബോര്‍ഡുകള്‍ പുനരുപയോഗത്തിനെടുക്കും. ചുവരെഴുത്തുകളെല്ലാം മായ്ച്ച് വീണ്ടും വൈറ്റ് വാഷ് ചെയ്ത് നല്‍കുമെന്നും പി രാജീവ് അറിയിച്ചു. 2015ൽ കൊച്ചി കോർപ്പറേഷൻ തെരഞ്ഞെടുപ്പിനെ തുടർന്നാണ് ഇത്തരമൊരു ആശയം ആദ്യം നടപ്പാക്കിയത്.