എറണാകുളം: കാലിക്കറ്റ് സർവകലാശാല വിസിയെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള ക്വോ വാറണ്ടോ റിട്ട് ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കാലിക്കറ്റ് സർവകലാശാല വിസി ഡോ. എം കെ ജയരാജിനെ തൽസ്ഥാനത്ത് നിന്നും നീക്കണമെന്നാവശ്യപ്പെട്ട് ഫറൂഖ് കോളജ് അസോസിയേറ്റ് പ്രൊഫസർ ഡോ. ടി മുഹമ്മദലിയാണ് ക്വോ വാറണ്ടോ റിട്ട് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ഹർജി ഫയലിൽ സ്വീകരിച്ച കോടതി വിസി ഡോ. എം കെ ജയരാജിന് നോട്ടിസ് അയയ്ക്കാനും നിർദേശിച്ചു. പ്രത്യേക ദൂതൻ മുഖേനയാണ് നോട്ടിസ് അയയ്ക്കുക. യുജിസി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് സെർച്ച് കമ്മിറ്റി രൂപീകരിച്ച് നിയമനം നടത്തിയതെന്നും ഡോ എം.കെ ജയരാജ് വിസി സ്ഥാനത്ത് തുടരുന്നത് നിയമ വിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.
ഹർജിയിൽ തീർപ്പുണ്ടാകും വരെ വിസി സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്നും ഇടക്കാല ആവശ്യമുണ്ട്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ വിസി പദവി ഒഴിയാൻ ഗവർണർ നൽകിയ നിർദേശം കോടതിയിൽ ചോദ്യം ചെയ്‌ത വിസിയുടെ നിലപാട് പദവിയുടെ മഹത്വത്തിന് ഭംഗം വരുത്തിയതായും ഹർജ്ജിക്കാരൻ ആരോപിക്കുന്നു.
ഹർജി ഹൈക്കോടതി വരുന്ന 13 ന് വീണ്ടും പരിഗണിക്കും. ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്‌ത് വിസിമാർ നൽകിയ ഹർജികളും 13നാണ് അന്തിമ വാദം കേൾക്കുന്നത്.