എറണാകുളം: കൊച്ചിയിൽ രണ്ടര വയസുകാരിക്ക് ഗുരുതരമായ പരിക്കേറ്റ സംഭവത്തില്‍ അടിമുടി ദുരൂഹതയെന്ന് പൊലീസ്. കുടുംബത്തോടൊപ്പം താമസിച്ച ആന്‍റണി ടിജിന്‍ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തത് സൈബർ പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേനെയാണ്. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ ഇയാള്‍ ഫ്ലാറ്റില്‍ നിന്ന് രക്ഷപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു.
കുഞ്ഞിന്‍റെ അമ്മയുടെ സഹോദരിയുമൊത്ത് ഇന്നലെ പുലര്‍ച്ചെ (20.02.2022) രണ്ടിന് രക്ഷപ്പെടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സഹോദരിയുടെ ഭര്‍ത്താവല്ല ഇയാളെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ഭര്‍ത്താവ് എന്നാണ് ഫ്ലാറ്റ് ഉടമയോട് പറഞ്ഞിരുന്നത്.
കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയത് ഞായറാഴ്‌ച രാത്രി എട്ടര മണിയോടെയാണ്. തലയില്‍ ബാന്‍ഡേജുമായി അമ്മ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. അമ്മയുടെ സഹോദരിയേയും സുഹൃത്തിനെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
അതേസമയം രണ്ടര വയസുകാരിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. തലയിൽ രണ്ടിടത്തായി നീർക്കെട്ടുണ്ടെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. തലയ്ക്കും മുഖത്തും പരുക്കേറ്റ് ഗുരുതരാവസ്ഥയിലായ കുഞ്ഞ് കോലഞ്ചേരി മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ തുടരുകയാണ്. കുട്ടി ദിവസങ്ങളായി ക്രൂര മർദനത്തിനിരയായി എന്നാണ് സംശയിക്കുന്നത്.
READ MORE രണ്ടര വയസുകാരിക്കുണ്ടായ ഗുരുതര പരിക്ക് : അമ്മയ്‌ക്കെതിരെ കേസ്
കുട്ടിയുടെ ശരീരത്തിൽ പുതിയതും പഴയതുമായ മുറിവുകൾ ഉണ്ടായിരുന്നു. ഞായറാഴ്ച രാത്രിയാണ് അപസ്മാരത്തെ തുടർന്ന് തൃക്കാക്കരയിൽ താമസിക്കുന്ന രണ്ടര വയസുകാരിയെ അമ്മയും അമ്മൂമയും ചേർന്ന് പഴങ്ങനാടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിയുടെ ആരോഗ്യ നില ഗുരുതരമാണെന്ന് കണ്ടെത്തി. ഇതോടെ കോലഞ്ചേരി മെഡിക്കൽ കോളജിലേക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇവിടെ നടത്തിയ പരിശോധനയിൽ കുട്ടിയ്ക്ക് ശരീരമാസകലം ഗുരുതര പരിക്കുകൾ ഉള്ളതായും തലക്ക് ഗുരുത പരിക്ക് ഉള്ളതായും കണ്ടത്തി. ഇതേ തുടർന്ന് കുട്ടിയെ ഐസിയുവിലേക്കും പിന്നിട് വെന്‍റിലേറ്ററിലേക്കും മാറ്റുകയായിരുന്നു. കുട്ടിക്ക് പരിക്കേറ്റതുമായി ബന്ധപ്പെട്ട് അമ്മയുടെ വിശദീകരണം വിശ്വാസ യോഗ്യമല്ലാത്തതിനെ തുടർന്ന് ആശുപത്രി അധികൃതർ വിവരം പൊലിസിൽ അറിയിക്കുകയായിരുന്നു. ഇതോടെയാണ് തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ALSO READ തലശ്ശേരി സിപിഎം പ്രവര്‍ത്തകന്‍റെ കൊലപാതകം: നാല് പേർ അറസ്റ്റിൽ