എറണാകുളം: ഐക്കരനാട്ടിൽ 600 മീറ്റർ പരിധിയിൽ ഒരു റോഡിന്‍റെ മൂന്ന് ഭാഗങ്ങളിലായി ജലവിതരണ പൈപ്പ് പൊട്ടിയിട്ട് നാളുകളേറെയായെന്നും ഇത് പരിഹരിക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികൾ എടുക്കുന്നില്ലെന്നും പരാതി. ഐക്കരനാട് പഞ്ചായത്തിലെ 10-ാം വാർഡിലെ പാറേപ്പീടിക-ചുളവക്കോട് റോഡിന്‍റെ കാലങ്ങളായുള്ള അവസ്ഥയാണിത്. പൈപ്പ് പൊട്ടി വെള്ളം പുറത്തേക്കൊഴുകുന്നതു മൂലം തകർന്ന റോഡിലൂടെയുള്ള യാത്ര ക്ലേശം ജനങ്ങളെ വലക്കുകയാണെന്നും നാട്ടുകാർ പറയുന്നു.
പഞ്ചായത്തിലെ മൂന്ന് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണ് വാട്ടർ അതോറിറ്റിയുടെ അനാസ്ഥ മൂലം തകർന്നു കിടക്കുന്നത്. പല ഭാഗങ്ങളിലായി പൈപ്പുകൾ പൊട്ടുന്നതു മൂലം റോഡിന്‍റെ പുനർ നിർമാണ ജോലികൾ പോലും തടസപ്പെട്ടിരിക്കുകയാണ്. പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിന് ഫണ്ടില്ലെന്നാണ് പരാതി പറയുന്നവരോട് വാട്ടർ അതോറിറ്റിയുടെ മറുപടി.
കാലപഴക്കം ചെന്ന ജലവിതരണപൈപ്പുകൾ കൃത്യസമയത്ത് മാറ്റി സ്ഥാപിക്കാത്തതാണ് ഇതിനു കാരണമെന്ന് നാട്ടുകാർ പറയുന്നു. നിലവിൽ റോഡിൽ രൂപപ്പെടുന്ന കുഴികളിൽ വാർഡ് മെമ്പറുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ മെറ്റൽ പൊടികൾ നിറച്ചാണ് താൽക്കാലിക ഗതാഗതസൗകര്യം ഒരുക്കുന്നത്. ഇതു തുടർന്നുപോകാതെ ശ്വാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.