എറണാകുളം: അന്യവത്കരിക്കപ്പെട്ടവരുടെ ശബ്‌ദമാണ് ബിനാലെ ഉയർത്തുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഫോർട്ട് കൊച്ചി ആസ്‌പിൻവാൾ ഹൗസിൽ ബിനാലെ പ്രദർശനം കണ്ട ശേഷമായിരുന്നു യെച്ചൂരിയുടെ പ്രതികരണം. 'കഴിഞ്ഞ കാലങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ആർട്ടിസ്റ്റുകളുടെ അഭിരുചികളിൽ ഉണ്ടായ പുരോഗമനപരമായ മാറ്റം ഏറെ ശ്രദ്ധേയവും അഭിനന്ദനീയവുമാണ്. കല അതിന്‍റേതായ വ്യതിരിക്തതയിൽ എപ്പോഴും പ്രതിഫലിപ്പിക്കുന്നത് ജീവിത യാഥാർഥ്യങ്ങളെയാണ്. ബിനാലെയിലെ സൃഷ്‌ടികൾ അധികവും പ്രാന്തവത്കരിക്കപ്പെട്ട ജീവിതങ്ങളുടെ വിവരണമായാണ് അനുഭവപ്പെട്ടത്. കൊച്ചിയും മുസിരിസും ഉൾപ്പെടുന്ന പേരുതന്നെ ബിനാലെയുടെ ചരിത്രപരമായ സാംഗത്യം വ്യക്തമാക്കുന്നു. മനസിനും ചിന്തക്കും ബുദ്ധിക്കും എന്തെന്നില്ലാത്ത നവോന്മേഷം നൽകുന്നതാണ് കലയുടെ ഈ മഹാമേള', സീതാറാം യെച്ചൂരി പറഞ്ഞു.
നേരത്തെ പരിഗണിക്കപ്പെടാതെ പോയ പല വിഷയങ്ങളും മൂല്യവത്തായ ആവിഷ്‌കരണത്തിന് ആർട്ടിസ്റ്റുകൾ ആധാരമാക്കിയിരിക്കുന്നു. കൊവിഡ് കാലം മനുഷ്യരാശിക്ക് നൽകിയ കടുത്ത അനുഭവങ്ങൾ ഇതിനൊരു കാരണമായിട്ടുണ്ട്. അക്കാലത്ത് സാമൂഹ്യജീവിതത്തിൽ നിന്ന് അന്യവത്കരിക്കപ്പെട്ടതും ഒറ്റപ്പെട്ടതും കൂടുതൽ യാഥാർഥ്യബോധം നൽകി. ദൈനംദിന ജീവിതത്തിന്‍റെ തിരക്കുകൾക്കിടയിൽ ശ്രദ്ധിക്കാൻ മറന്നുപോയ പലതുമുണ്ട്. പല വിഭാഗങ്ങളുടെയും അരികുവത്കരണവും വിവേചനങ്ങളും അവഗണിക്കപ്പെട്ടു. അതേക്കുറിച്ചെല്ലാം കൊവിഡും ലോക്‌ഡൗണും അവബോധമുണ്ടാക്കി. എന്തുകൊണ്ട്, എങ്ങനെ ഇത് സംഭവിക്കുന്നു. ഇതിനൊരറുതി വരുത്താൻ എന്താണ് പോംവഴി? ഇത്തരം ചിന്തകൾക്ക് മുമ്പില്ലാത്ത പ്രാമുഖ്യം കൈവന്നു. ഈ വിഷയങ്ങൾ കലയിലും ശക്തിമത്തായി പ്രതിഫലിക്കുകയാണെന്ന് ബിനാലെയിലെ സൃഷ്‌ടികൾ വ്യക്തമാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ചൂഷണത്തിന്‍റെ വിവിധ രൂപങ്ങളും തലങ്ങളും തൊഴിൽ പ്രശ്‌നങ്ങളും വ്യത്യസ്‌ത മാധ്യമങ്ങളിലും സങ്കേതങ്ങളിലുമായി വിമർശനാത്മകമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. മാറിയ കാലത്തിനു യോജിച്ചവിധം തിരഞ്ഞെടുത്ത ആവിഷ്‌കാരമാർഗങ്ങൾ സൃഷ്‌ടികളെ കൂടുതൽ ലക്ഷ്യത്തിലെത്തിക്കുന്നു. കലാകാരന്മാരുൾപ്പെടെ ഇത്രയധികം ആളുകൾ ഭാഗമാകുന്ന ബിനാലെയുടെ സാമ്പത്തിക പ്രസക്തിയും പ്രധാനപ്പെട്ടതാണന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഫോർട്ട് കൊച്ചി ആസ്‌പിൻവാൾ ഹൗസിൽ സീതാറാം യെച്ചൂരിയെ ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്‍റ് ബോസ് കൃഷ്‌ണമാചാരി, ട്രസ്റ്റി ബോണി തോമസ് എന്നിവർ ചേർന്ന് സ്വീകരിച്ചു. മൂന്നുമണിക്കൂറോളം ബിനാലെയിൽ ചെലവിട്ട യെച്ചൂരി ഓരോ ആവിഷ്‌കാരവും കണ്ടും മനസിലാക്കിയുമാണ് മടങ്ങിയത്. സന്നിഹിതരായ ആർട്ടിസ്റ്റുകൾക്കൊപ്പമാണ് അവരുടെ സൃഷ്‌ടികൾ യെച്ചൂരി കണ്ടത്. കേരള സർക്കാരിന്‍റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ്, സിപിഎം ജില്ല സെക്രട്ടറി സി എൻ മോഹനൻ എന്നിവർ സീതാറാം യെച്ചൂരിക്ക് ഒപ്പമുണ്ടായിരുന്നു.
'നമ്മുടെ സിരകളില്‍ ഒഴുകുന്നത് മഷിയും തീയും' എന്ന പ്രമേയത്തില്‍ 14 വേദികളിലായി കഴിഞ്ഞ ഡിസംബർ 12 നു തുടങ്ങിയ ബിനാലെ ഏപ്രില്‍ 10 വരെ പ്രദർശനം തുടരും. 35ലധികം രാജ്യങ്ങളിൽ നിന്നുള്ള 90 കലാകാരന്മാരുടെ 200 സൃഷ്‌ടികളാണ് പ്രദര്‍ശനത്തിനുള്ളത്. സ്റ്റുഡന്‍റ്സ് ബിനാലെയും ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ എന്നിവയും അനുബന്ധമായി സംഘടിപ്പിച്ചിട്ടുണ്ട്. ബിനാലെയോട് അനുബന്ധിച്ച് വിവിധ സാംസ്‌കാരിക പരിപാടികളും നടന്നു വരുന്നു. ഫോര്‍ട്ട് കൊച്ചി ആസ്‌പിന്‍വാള്‍ ഹൗസ്, പെപ്പര്‍ ഹൗസ്, ആനന്ദ് വെയര്‍ഹൗസ് എന്നീ പ്രധാന വേദികള്‍ക്ക് പുറമെ ടികെഎം വെയര്‍ഹൗസ്, ഡച്ച് വെയര്‍ഹൗസ്, കാശി ടൗണ്‍ഹൗസ്, ഡേവിഡ് ഹാള്‍, കാശി ആര്‍ട്ട് കഫെ എന്നിവിടങ്ങളിലുമാണ് പശ്ചിമ കൊച്ചിയില്‍ പ്രദര്‍ശനം നടക്കുക.
എറണാകുളം ഡര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ കേരളത്തിലെ മികച്ച 34 സമകാലിക കലാകാരന്മാരുടെ 150ലധികം സൃഷ്‌ടികള്‍ പ്രദര്‍ശിപ്പിക്കുന്നു. കൊവിഡ് പ്രതിസന്ധി മൂലം നടക്കാതെ പോയ 2020 ബിനാലെ പതിപ്പാണ് ഇക്കുറി സാക്ഷാത്കരിച്ചത്. ബിനാലെ ആരംഭിച്ചതിന്‍റെ പത്താം വാര്‍ഷിക വേളയാണെന്നതാണ് ഇത്തവണത്തെ പതിപ്പിന്‍റെ പ്രത്യേകത. രണ്ട് വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന ബിനാലെയുടെ നാലാം പതിപ്പ് അരങ്ങേറിയ 2018ല്‍ ലോകത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്നായി ആറ് ലക്ഷം പേരാണ് കലാസ്വാദനത്തിനായി എത്തിയത്. ഇക്കൊല്ലം പത്ത് ലക്ഷമായി ഉയരുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.