എറണാകുളം: പ്രധാന പാതയോരങ്ങളിൽ മദ്യവിൽപനശാലകൾ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശിച്ച് ഹൈക്കോടതി. ബിവ്റേജസ് കോർപറേഷൻ ഔട്ട്ലെറ്റുകളിലെ തിരക്കിന് എതിരെ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ പരാമർശം. മദ്യ വിൽപന ശാലകൾ ആൾതിരക്കില്ലാത്ത പ്രദേശങ്ങളിൽ സ്ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
ALSO READ:സ്‌ത്രീ സുരക്ഷയ്ക്കായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉപവസിക്കുന്നു
അതേസമയം മദ്യവിൽപന ശാലകളിലെ തിരക്ക് കുറയ്ക്കുന്നതിന് നടപടികൾ സ്വീകരിച്ചതായി സർക്കാർ കോടതിയെ അറിയിച്ചു. ബാറുകളിൽ മദ്യവിൽപന പുനരാരംഭിച്ച സാഹചര്യത്തിൽ ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെ തിരക്ക് കുറയും. മദ്യവിൽപനയ്ക്ക് ഡിജിറ്റൽ പെയ്മെന്‍റ് സംവിധാനം ആരംഭിച്ചതായും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.
കൊവിഡ് സാഹചര്യത്തിൽ മദ്യശാലകൾക്ക് മുമ്പിലെ ആൾക്കൂട്ടം സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രൻ നൽകിയ കത്ത് പരിഗണിച്ചാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. കേസ് രണ്ടാഴ്‌ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.