എറണാകുളം: മുനിസിപ്പാലിറ്റി അധികൃതരുടെ കനിവ് കാത്ത് 19 വർഷമായി ജീവിതം തള്ളിനീക്കുകയാണ് പെരുമ്പാവൂർ സ്വദേശികളായ ബഷീറും ജമീലയും. വർഷങ്ങളായി പട്ടയമില്ലാത്ത ഭൂമിയിൽ സ്വന്തമായൊരു വീടോ കുടിവെള്ളമോ വഴിയോ ഒന്നുമില്ലാതെ ഒരു ഷെഡിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകുകയാണ് ഇവർ.
പെരുമ്പാവൂർ മുനിസിപ്പാലിറ്റിയുടെ പതിനേഴാം വാർഡിൽ ആണ് ബഷീറും ജമീലയും താമസിക്കുന്നത്. 19 വർഷമായി പുറമ്പോക്ക് ഭൂമിയിൽ ഷെഡ്ഡ് കെട്ടി താമസിക്കുന്ന തങ്ങൾക്ക് അധികാരികളോ സർക്കാരോ ഒരു ആനുകൂല്യങ്ങളും തരുന്നില്ലെന്നും കേറി കിടക്കാൻ ഒരു കിടപ്പാടം പോലും തങ്ങൾക്ക് സ്വന്തമായി ഇല്ലെന്നും ഇവർ പറയുന്നു.
രണ്ട് പ്രളയത്തെയും കൊവിഡിനെയും ഈ ഷെഡ്ഡിലാണ് അതിജീവിച്ചതെന്നും സർക്കാരോ മുനിസിപ്പാലിറ്റി അധികൃതരോ തിരിഞ്ഞുനോക്കിയിട്ടില്ലെന്നും ബഷീർ പറഞ്ഞു. ഇരുവശത്തു നിന്നും വെള്ളം കയറുന്ന സ്ഥലത്താണ് ഇവരുടെ താമസം. മഴപെയ്താൽ വെള്ളത്തിൽ ആണ് ജീവിതം. തെരഞ്ഞെടുപ്പ് സമയത്ത് വോട്ട് ചോദിച്ച് എത്തുന്ന സ്ഥാനാർഥികൾ ജയിച്ചശേഷം തങ്ങൾക്ക് വീടു നൽകാം എന്നുള്ള വാഗ്ദാനം മാത്രമേ നൽകുന്നുള്ളൂവെന്നും ബഷീർ പറഞ്ഞു. ചെറിയ ഒരു പെട്ടിക്കടയിൽ നിന്നും വരുമാനം കണ്ടെത്തുന്ന ബഷീറിന്റെ വരുമാനം ഒരു ദിവസം 150 രൂപയാണ്. അത് ഭാര്യയുടെ മരുന്നിനുപോലും തികയാറില്ല. അധികാരി വർഗങ്ങളുടെ കണ്ണ് തുറക്കുമെന്ന പ്രതീക്ഷയിലാണ് ഇന്നും ഈ ദമ്പതികൾ ജീവിതം തള്ളി നീക്കുന്നത്.