എറണാകുളം: കേരള ബാർ കൗൺസിൽ അഭിഭാഷക ക്ഷേമനിധി തട്ടിപ്പിൽ സി.ബി.ഐ കേസെടുത്തു. ഏഴ് കോടിയിലധികം തിരിമറി നടത്തിയെന്നാണ് കേസ്. സി.ബി.ഐ അന്വേഷത്തിന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
ബാർ കൗൺസിൽ അക്കൗണ്ടന്‍റ് ചന്ദ്രനടക്കം ഒന്‍പത് പേരെ പ്രതികളാക്കിയാണ് സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തത്. 2009 മുതൽ 2014 വരെയുള്ള കാലഘട്ടത്തിൽ അഭിഭാഷക ക്ഷേമനിധി ഫണ്ടിൽ നിന്നും ഏഴ് കോടിയിലധികം ക്രമക്കേട് നടത്തിയെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. വ്യാജ രേഖകളുണ്ടാക്കി, അഭിഭാഷക ക്ഷേമനിധി ഓഡിറ്റിന് വിധേയമാക്കാതെയായിരുന്നു തട്ടിപ്പ്.
ALSO READ: ഫിലിപ്പോ ഒസെല്ലോയെ തിരിച്ചയച്ചത് പ്രതിഷേധാർഹം: കോടിയേരി ബാലകൃഷ്‌ണൻ
ആദ്യം വിജിലൻസ് അന്വേഷിച്ച കേസ്, തലശേരി ബാർ അസോസിയേഷൻ മുൻ പ്രസിഡന്‍റ് സി.ജി അരുൺ നൽകിയ ഹർജിയെ തുടർന്നായിരുന്നു സി.ബി.ഐയ്ക്ക് കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടത്. ആരോപണ വിധേയനായ ബാർ കൗൺസിൽ അക്കൗണ്ടന്‍റിനെ ആദ്യം സസ്‌പെന്‍ഡ് ചെയ്‌ത് പിന്നീട് തിരിച്ചെടുത്തതിനെ കോടതി വിമർശിച്ചിരുന്നു.
ആരോപണങ്ങളുയർന്നതിനെ തുടർന്ന് 2019 ൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് വേണ്ടി ജസ്റ്റിസ് ദീപക് ത്രിവേദി കമ്മിറ്റിയും ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നടത്തുകയുണ്ടായി. കഴിഞ്ഞ വർഷം ഡിസംബർ 23 നാണ് കേരള ബാർ കൗൺസിൽ അഭിഭാഷക ക്ഷേമനിധി തട്ടിപ്പ് അന്വേഷണം സി.ബി.ഐയ്ക്ക് വിടാൻ ഹൈക്കോടതി ഉത്തരവിട്ടത്.