എറണാകുളം: തൊടുപുഴയിൽ ബാങ്ക് മാനേജരെ മർദ്ദിച്ച സംഭവത്തിൽ, പരാതി ഒത്തുതീർന്നുവെന്നും തനിക്കെതിരെ തൊടുപുഴ സി.ജെ.എം കോടതിയിലുള്ള ക്രിമിനൽ കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നിശാന്തിനി ഐ.പി.എസ് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ആഴ്ചയിലേക്ക് മാറ്റി. 2011 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൊടുപുഴയിലെ യൂണിയൻ ബാങ്ക് മാനേജരായിരുന്ന പേഴ്സി ജോസഫ് ലോണിനായി സമീപിച്ച വനിതാ പൊലീസുകാരുടെ കയ്യിൽ കയറി പിടിച്ചുവെന്ന് ആരോപിച്ചാണ് കേസെടുത്തത്. അന്ന് തൊടുപുഴ എ.എസ്.പിയായിരുന്നു ആർ. നിശാന്തിനി ഐ.പി.എസ്.
പേഴ്സി ജോസഫിനെ കസ്റ്റഡിയിലെടുത്ത ശേഷം സഹ പൊലീസുകാർക്കൊപ്പം ക്രൂരമായി മർദിക്കുകയുമായിരുന്നു എന്നാണ് പരാതി. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പേഴ്സി ജോസഫിന് അന്നു തന്നെ ജാമ്യം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് നിശാന്തിനി ഐ.പി.എസ്. ഉൾപ്പടെ ഏഴ് പൊലീസുകാർക്കെതിരെ പേഴ്സി ജോസഫ് നിയമ പോരാട്ടം തുടങ്ങിയത്. ഹൈക്കോടതി ഉൾപ്പടെ പലഘട്ടങ്ങളിൽ പേഴ്സി ജോസഫിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു. ഇതോടെയാണ് നഷ്ടപരിഹാരം ആവശ്യപെട്ട് പേഴ്സി ജോസഫ് തൊടുപുഴ സബ് കോടതിയിൽ നൽകിയ ഹർജിയിൽ പണം നൽകി കേസ് ഒത്തു തീർപ്പാക്കാൻ നിശാന്തിനി തയ്യാറായത്. ഹൈക്കോടതി മീഡിയേഷൻ സെന്‍ററില്‍ വെച്ച് പതിനെട്ടരലക്ഷം രൂപ നൽകിയാണ് കേസ് ഒത്ത് തീർപ്പാക്കിയത്. ഇയൊരു സാഹചര്യത്തിലാണ് പേഴ്സി ജോസഫിന്റെ സത്യവാങ്ങ്മൂലം ഉൾപ്പെടുത്തി തനിക്കെതിരായ ക്രിമിനൽക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇപ്പോൾ വനിതാ പൊലീസ് കമാൻഡന്‍റ് ആയ നിശാന്തിനി ഐ.പി.എസ് ഹൈക്കോടതിയെ സമീപിച്ചത്.