എറണാകുളം : സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതിയിൽ പരാതിക്കാരിയുടെ രഹസ്യ മൊഴിയെടുക്കും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തുക. മൊഴി നൽകാനായി എളമക്കര സ്റ്റേഷനിലെത്തിയ പരാതിക്കാരിയെ പൊലീസ് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. മൊഴിയെടുക്കേണ്ടിയിരുന്ന അഡീഷണൽ എസ്.പി എത്താൻ വൈകിയതോടെയാണ് മറ്റ് നടപടികളിലേക്ക് പൊലീസ് കടന്നത്.
പൊലീസ് പരാതിക്കാരിയോട് മുൻവിധിയോടെ പെരുമാറുന്നുവെന്ന് ഈ ഘട്ടത്തിൽ പറയാൻ കഴിയില്ലെന്ന് പരാതിക്കാരിയുടെ അഭിഭാഷക കൂടിയായ വിമല ദേവി പറഞ്ഞു. പരാതി നൽകാൻ വൈകിയതിന് വ്യക്തമായ കാരണമുണ്ട്. ഇത് കോടതിക്ക് മുന്നിൽ ബോധിപ്പിക്കാൻ കഴിയുമെന്നും അവർ പറഞ്ഞു.
കണ്ണൂർ സ്വദേശിനിയായ യുവതി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കായിരുന്നു പരാതി നൽകിയത്. ഇതേതുടർന്നാണ് പീഡന പരാതിയിൽ എളമക്കര പൊലീസ് കേസെടുത്തത്. സിനിമ ഗാനരചയിതാവിന്‍റെ കൊച്ചിയിലെ വീട്ടിൽ വച്ച് പത്ത് വർഷം മുൻപ് പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
ALSO READ: ഗൂഢാലോചന കേസ്: ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ശബ്‌ദ സാമ്പിൾ പരിശോധിക്കുന്നു
ജോലി വാഗ്‌ദാനം ചെയ്ത് വിളിച്ചുവരുത്തിയ ശേഷം ബലമായി പീഡിപ്പിച്ചെന്നാണ് ആരോപണം. പീഡന ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് പരാതി നൽകാതിരുന്നതെന്നാണ് ഇവര്‍ പറയുന്നത്. ദിലീപിനെതിരെ പരാതിയുമായി ബാലചന്ദ്രകുമാർ രംഗത്ത് എത്തിയ സാഹചര്യത്തിലാണ് മാധ്യമങ്ങളിൽ നിന്നും ബാലചന്ദ്രകുമാറിനെ തിരിച്ചറിഞ്ഞതും പരാതി നൽകിയതെന്നുമാണ് വിശദീകരണം.
അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രധാന പ്രോസിക്യൂഷൻ സാക്ഷിയായ ബാലചന്ദ്രകുമാറിനെതിരെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി പറയുന്നതിന് തലേദിവസമാണ് പീഡന പരാതിയുമായി ഇവര്‍ രംഗത്തെത്തിയത്. ഇതിന് പിന്നിൽ ദിലീപ് ആണെന്ന് ബാലചന്ദ്രകുമാർ ആരോപിച്ചിരുന്നു.