എറണാകുളം: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ വി.കെ ഇബ്രാഹിംകുഞ്ഞ് എം.എൽ.എക്ക് ജാമ്യം. ആരോഗ്യസ്ഥിതി പരിഗണിച്ച് കർശന ഉപാധികളോടെയാണ് ജാമ്യം നൽകിയത്.
അന്വേഷണ ഉദ്യോഗസ്ഥന്‍റെ അനുമതിയില്ലാതെ എറണാകുളം ജില്ല വിട്ട് പുറത്ത് പോകരുത്, പാസ് പോർട്ട് വിചാരണ കോടതിയിൽ സമർപ്പിക്കണം, രണ്ട് ലക്ഷം രൂപയുടെ ബോണ്ട് നൽകണം, അന്വേഷണ സംഘവുമായി സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളാണ് കോടതി നിർദേശിച്ചത്. ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം സത്യവാങ്‌മൂലം സമർപ്പിച്ചിരുന്നു. എം.ഇ.എസ് തെരെഞ്ഞെടുപ്പിൽ മത്സരിക്കാനാണ് ഇബ്രാഹിംകുഞ്ഞ് ഉദ്ദേശിക്കുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. നോമിനേഷന്‍ നല്‍കാന്‍ ഇബ്രാഹിംകുഞ്ഞ് വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചു. നോമിനേഷന്‍ നല്‍കാമെങ്കില്‍ ജയിലില്‍ പോകാനും തയ്യാറാകണമെന്ന് ഹൈക്കോടതി ഇബ്രാഹിംകുഞ്ഞിന് മുന്നറിയിപ്പ് നല്‍കി. തുടർന്ന് തെരെഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതിയിൽ നൽകിയ അപേക്ഷ പിൻവലിച്ചതായി ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതിയെ അറിയിച്ചു.
ആരോഗ്യസ്ഥിതി കൂടുതൽ മോശമായെന്നും നിലവിലെ ആരോഗ്യപ്രശ്‌നങ്ങൾക്ക് പുറമെ കഴിഞ്ഞ ദിവസം ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടായെന്നും ഇബ്രാഹിംകുഞ്ഞ് കോടതിയെ അറിയിച്ചു. ഇതോടെ ഇബ്രാഹിം കുഞ്ഞിനെ ജാമ്യം നൽകരുതെന്ന ശക്തമായ നിലപാട് സർക്കാർ മയപ്പെടുത്തുകയും ചെയ്‌തു. ഈയൊരു സാഹചര്യത്തിലാണ് ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യം നൽകുന്നതായി കോടതി ഉത്തരവ് നൽകിയത്.